ഒരു നോക്ക് കാണാൻ ജനം കാത്തു നിന്നത് 20 മണിക്കൂറിലധികം
ആലപ്പുഴ : വിപ്ലവപോരാട്ടങ്ങളുടെ മണ്ണിൽ വി.എസിന് അന്ത്യവിശ്രമം. അമേരിക്കൻ മോഡലിനെതിരെയും സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടിയും ജീവൻ നൽകി പൊരുതിയ പുന്നപ്രയിലെ ധീരന്മാർക്കും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ത്ത് ഊടും പാവും നെയ്ത ജനനേതാക്കൾക്കുമൊപ്പം വി.എസ് ഇനി ജ്വലിക്കുന്ന ഓർമ്മ. ഇന്നോളം ആലപ്പുഴ കണ്ടിട്ടില്ലാത്തത്ര ജനസാഗരമാണ് വി.എസിന് യാത്രയയപ്പ് നൽകാനായി ഒഴുകിയെത്തിയത്.
. രാത്രിയും പുലർച്ചെയും പെയ്ത മഴയെ അവഗണിച്ചാണ് പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ അവർ കാത്തുനിന്നത്. ഇരുട്ടിനെയും തണുപ്പിനെയും കൂസാതെ കാത്തിരുന്ന ഇ്നങ്ങൾക്കിടയിലേക്ക് രാവിലെ 7 മണിയോടെയാണ് വി.എസിനെ വഹിച്ചുകൊണ്ടുള്ള വാഹനം ജില്ലാ അതിർത്തിയായ ഓച്ചിറയിൽ പ്രവേശിച്ചത്. കായംകുളം കെ.പി.എ.സി ജംഗ്ഷനിലെത്തിയതോടെ മുദ്രാവാക്യം വിളികൾക്ക് ആവേശം കൂടി. കമ്മ്യൂണിസ്റ്ര് പ്രസ്ഥാനത്തിന് വൈകാരിക ബന്ധമുള്ള നാട്ടിൽ മുന്നോട്ട് നീങ്ങാൻ പ്രയാസപ്പെടും വിധം വാഹനവ്യൂഹം ജനങ്ങളെക്കൊണ്ട് ഞെരുങ്ങി. ഹരിപ്പാടും അമ്പലപ്പുഴയും പിന്നിട്ട് വാഹനം മുന്നോട്ട് നീങ്ങിയതോടെ പുന്നപ്രയിൽ പാർട്ടി പ്രവർത്തകരുടെ കണ്ഠങ്ങൾ ദുഖത്തോടെ മുദ്രാവാക്യങ്ങൾ വിളിച്ചുതുടങ്ങിയിരുന്നു.
ഉച്ചയ്ക്ക് 12.20ന് രക്തപതാക പുതച്ച് വി.എസ് അവസാനമായി വേലിക്കകത്ത് വീട്ടിലേക്ക് കയറി. ഇരുപത് മിനിട്ടോളം വീടിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രം കാണാൻ അവസരം. തുടർന്ന് വീട്ടുമുറ്റത്തേക്ക് ഇറക്കിയതോടെ പ്രവർത്തകർ
നിയന്ത്രണാതീതമായ നിലയിൽ ഇരച്ചെത്തി. ഒരു മണിക്കൂർ കൊണ്ട് അവസാനിപ്പിക്കാൻ നിശ്ചയിച്ചിരുന്ന വീട്ടിലെ പൊതുദർശനം രണ്ട് മണിക്കൂറിലധികം നീണ്ടു. വരിയിലെ അവസാനയാളും വി.എസിനെ കണ്ടെന്ന് ഉറപ്പാക്കിയ ശേഷം വിലാപയാത്ര നേരെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ പി.കൃഷ്ണപിള്ള സ്മാരകത്തിലേക്ക് പുറപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമടക്കമുള്ള പ്രമുഖർ ഇവിടെ മണിക്കൂറുകളോളം കാത്തിരിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിന് ഉൾക്കൊള്ളാനാവുന്നതിന്റെ എത്രയോ ഇരട്ടി ജനമാണ് ഇവിടെയുമെത്തിയത്. ഡി.സി ഓഫീസിൽ നിന്ന് 5.45ന് പുറപ്പെട്ട വിലാപയാത്ര വൈകിട്ട് 6നാണ് പ്രധാന പൊതുദർശന കേന്ദ്രമായ റിക്രിയേഷൻ ഗ്രൗണ്ടിലെത്തിയത്. ജനസാഗരമാണ് ഇവിടെയും വി.എസിനെ കാത്തിരുന്നത്. രണ്ടര മണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം കനത്ത മഴയുടെ അകമ്പടിയിൽ വി.എസ് വിപ്ലവ മണ്ണിലേക്കെത്തി. ഭാര്യ വസുമതിയും, മക്കളും, നേതാക്കളും, ആയിരക്കണക്കിന് പ്രവർത്തകരും സാക്ഷിയായി നിൽക്കേ വി.എസ് എന്നന്നേക്കുമായി ഓർമ്മയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |