തിരുവനന്തപുരം: കല്ലറ ഗ്രാമപഞ്ചായത്തിലെ ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ക്രമക്കേട് നടത്തിയ പഞ്ചായത്ത് അംഗത്തിന് മൂന്നുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. വെള്ളംകുടി വാർഡ് മെമ്പറും സി.പി.എം കല്ലറ ലോക്കൽ കമ്മിറ്റി അംഗവുമായ കെ.ഷീലയെയാണ് വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ.മനോജ് ശിക്ഷിച്ചത്.
കോൺഗ്രസ് കല്ലറ മണ്ഡലം സെക്രട്ടറി പി.അനിക്കുട്ടന്റെ ഹർജിയിലാണ് ഉത്തരവ്. 2011-12 കാലയളവിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. 2011 ആഗസ്റ്റിൽ ചേർന്ന വാർഡ് ഗ്രാമസഭയിൽ ഗുണഭോക്താക്കളെ തീരുമാനിച്ച് മിനിട്സ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നു. ഈ പട്ടികയിൽ വാർഡ് മെമ്പർ തിരിമറി നടത്തി അർഹതയില്ലാത്തവരുടെ പേര് എഴുതിച്ചേർക്കുകയും പഞ്ചായത്തുതുക അനുവദിക്കുകയുമായിരുന്നു. ഗ്രാമസഭയുടെയോ പഞ്ചായത്ത് കമ്മിറ്റിയുടെയോ അനുവാദം തേടാതെയാണ് മിനിട്സ് തിരുത്തിയതെന്ന് വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത് ശരിവച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |