കൊല്ലം: സമരസഖാവിന് യാത്രാമൊഴിയേകാൻ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കി ഇരവ് പകലാക്കിയാണ് കൊല്ലത്തുകാർ ദേശീയപാതയോരങ്ങളിൽ കാത്തുനിന്നത്. നേരത്തേ നിശ്ചയിച്ചപോലെ ചൊവ്വാഴ്ച വൈകിട്ടുതന്നെ പ്രവർത്തകരും നേതാക്കളും പൊതുജനങ്ങളും ദേശീയപാതയോരങ്ങളിൽ നിലയുറപ്പിച്ചിരുന്നു.
ചിന്നക്കടയിൽ വലിയ സ്ക്രീനിൽ ചാനൽ വാർത്ത പ്രദർശിപ്പിച്ചിരുന്നു. ആ വലിയ കാത്തിരിപ്പിനൊടുവിൽ ചിന്നക്കടയിലേക്ക് വിലാപയാത്രയെത്തിയപ്പോൾ സമയം വെളുപ്പിന് നാലുമണിയോടടുത്തു. മിനിട്ടുകൾ മാത്രമാണ് വാഹനം നിറുത്തിയതെങ്കിലും ജനം വാഹനത്തെ പൊതിഞ്ഞു. മഞ്ഞും ചാറ്റൽ മഴയുമൊക്കെ അവഗണിച്ച് വി.എസിന്റെ ഭൗതികദേഹത്തിൽ ഒരു പുഷ്പമർപ്പിക്കാൻ അവർ തിക്കും തിരക്കും കൂട്ടി. അൽപ്പസമയത്തിനുള്ളിൽ ഇവരെയൊക്കെ വകഞ്ഞുമാറ്റി വിലാപയാത്ര മുന്നോട്ട് നീങ്ങിയപ്പോഴും മുദ്രാവാക്യം വിളികൾക്ക് ശക്തി ഒട്ടും കുറഞ്ഞില്ല.
ജില്ലയിൽ പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിലാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ ദേശീയപാതയിൽ ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുതൽ ഓച്ചിറവരെയും പാതയോരങ്ങളിലാകെ ജനം നിറഞ്ഞുകവിഞ്ഞിരുന്നു. ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ തുടങ്ങിയ കിഴക്കൻ മലയോര മേഖലകളിലെ പ്രവർത്തകരടക്കം വലിയ തോതിലാണ് കൊല്ലം പട്ടണത്തിലേക്കെത്തിയത്. കണ്ടേ മടങ്ങൂവെന്ന അവരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ സമയവും മാറിനിന്നു.
ഉറങ്ങാതെ ആലപ്പുഴയിലേക്ക്
കൊല്ലത്ത് മണിക്കൂറുകൾ കാത്തുനിന്ന് വി.എസ്.അച്യുതാനന്ദനെ ഒരുനോക്ക് കണ്ടവർ പലരും ഇന്നലെ രാവിലെ ആലപ്പുഴയിലേക്ക് പുറപ്പെട്ടു. കണ്ണടയ്ക്കാതെ ഇരുട്ടിവെളുപ്പിച്ച ക്ഷീണമൊന്നും ആവർ വകവച്ചില്ല. ഒറ്റയ്ക്കും കൂട്ടായും പുറപ്പെട്ടവർക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. സമരസഖാവിനെ ഒന്നുകൂടി കാണണം. പുന്നപ്രയിലെ വീട്ടിലും ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും വലിയ ചുടുകാട്ടിലുമൊക്കെ കൊല്ലത്തുകാരുടെ സാന്നിദ്ധ്യം ഏറെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |