കിളിമാനൂർ: കിളിമാനൂർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്ന പൊതു പാർക്കിംഗ് സ്ഥലവും താത്കാലിക മാർക്കറ്റും ചെളിക്കെട്ടിൽ. പുതിയകാവിലെ പൊതുമാർക്കറ്റ് ആധുനിക രീതിയിൽ നവീകരിക്കുന്നതിനുള്ള നിർമ്മാണം നടക്കുന്നതിനാലാണ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലത്തേക്ക് മാർക്കറ്റ് മാറ്റിയത്. എന്നാൽ മാർക്കറ്റ് നടത്താൻ ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും ഇവിടെ നടത്തിയിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു.
മാർക്കറ്റ് ചെളിക്കളം
വ്യാഴവും ഞായറുമാണ് പ്രധാന ചന്ത ദിവസങ്ങൾ. ശക്തമായ മഴയിൽ മാർക്കറ്റ് ഭാഗം ചെളിക്കെട്ടായതോടെ സാധനങ്ങൾ വാങ്ങാൻ തീരെ ആളുകൾ വരാതായി. പുതിയകാവ് മാർക്കറ്റിൽ 200-ൽപ്പരം കച്ചവടക്കാരെത്തിയിരുന്നു. താത്കാലിക മാർക്കറ്റിൽ വൃത്തിയില്ലാത്തതും അസൗകര്യങ്ങളും മൂലം പകുതിയിൽ താഴെ ആളുകൾ മാത്രമാണ് കച്ചവടത്തിനെത്തുന്നത്. ചെളിക്കെട്ടൊഴിവാക്കാൻ പഞ്ചായത്ത് തുടങ്ങിയ നടപടികൾ എങ്ങുമെത്തിയിട്ടില്ല.
മഴ വില്ലൻ
ക്വാറി വേസ്റ്റിട്ട് താത്കാലികമായി ചെളിക്കെട്ട് ഒഴിവാക്കാൻ ശ്രമം തുടങ്ങിയെങ്കിലും മഴ കനത്തതോടെ നിറുത്തിവച്ചു. ഗ്രൗണ്ടിന്റെ ഉൾവശത്ത് അല്പം സ്ഥലത്ത് മാത്രമാണ് ക്വാറി വേസ്റ്റ് നിരത്തിയത്. ടൗണിലെ പ്രധാന പൊതു പാർക്കിൽ സ്ഥലവും ഇവിടെയാണ്. 1.25 ഏക്കർ സ്ഥലമാണ് പാർക്കിംഗ് ഏരിയയും അനുബന്ധ സ്ഥലങ്ങളും. ഇതിൽ 80 സെന്റിലാണ് പാർക്കിംഗിനായി തിരിച്ച് ലേലം ചെയ്ത് നൽകിയിട്ടുള്ളത്.
ചെളിയിൽ പുതഞ്ഞ് പാർക്കിംഗ്
ഇവിടെയെത്തുന്ന വാഹന ഉടമകളിൽ നിന്നും കൃത്യമായി പാർക്കിംഗ് ഫീസ് വാങ്ങാറുണ്ട്. എന്നാൽ ഈ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ചെളിക്കളമായ ഈ ഗ്രൗണ്ടിൽ നിന്നാണ്. വാഹനം പാർക്ക് ചെയ്തശേഷം പുറത്തിറങ്ങിയാൽ കാല് തെറ്റിവീഴുകയോ ചെളിയിൽ പുതയുകയോ ചെയ്യും. ഏറെ പാടുപെട്ടാണ് വാഹനം പാർക്ക് ചെയ്ത് ഇപ്പുറം കടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |