കോഴഞ്ചേരി : പടിഞ്ഞാറൻ മേഖലയിൽ നിന്ന് ആറൻമുളയിലെത്തുന്ന പള്ളിയോടങ്ങൾക്ക് ജല വിഭവവകുപ്പിന്റെ കുരുക്ക്. മാലക്കരയ്ക്ക് സമീപം ഇടയാറന്മുള പഴയ പോസ്റ്റ് കടവിൽ നദിക്ക് കുറുകെ ജലനിരപ്പ് അളക്കുന്നതിനായി സെൻട്രൽ വാട്ടർ കമ്മിഷൻ സ്ഥാപിച്ചിട്ടുള്ള വടമാണ് ഭീഷണിയാകുന്നത്. പമ്പാനദിയിലെ ജലനിരപ്പ് അളക്കുന്നതിന് സഹായകമായാണ് ഇരുമ്പു വടവും അതിന് സമാന്തരമായി പ്ലാസ്റ്റിക് വടവും നദിക്കു കുറുകെ കെട്ടിയിട്ടുള്ളത്. ഇതിൽ പ്ലാസ്റ്റിക് വടം അയഞ്ഞ് നദിയിലേക്ക് തുടിഞ്ഞ് കിടക്കുകയാണ്. പമ്പാനദിയിലെ ജല നിരപ്പുയർന്നതോടെയാണ് പള്ളിയോടങ്ങളുടെ വരവിന് വടം ഭീഷണിയായത്. കഴിഞ്ഞ ദിവസം വള്ളസദ്യയിൽ പങ്കെടുക്കാൻ വന്ന ഇടനാട്, കോയിപ്രം പള്ളിയോടങ്ങളുടെ അമരത്ത് സ്ഥപിച്ചിരുന്ന കൊടി ഈ പ്ലാസ്റ്റിക് വടത്തിൽ തട്ടിയിരുന്നു. ഇന്നലെ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ നെല്ലിക്കൽ പള്ളിയോടത്തിന്റെ അമരം വടത്തിൽ ഉടക്കി അപകടഭീഷണി ഉയർത്തി. നിറയെ തുഴച്ചിലുകാരുമായി വന്ന പള്ളിയോടം വടം താഴ്ന്ന് കിടന്നതിനാൽ ബാണക്കൊടി ഒഴിവാക്കിയാണ് വന്നതെങ്കിലും അമരം ഉടക്കുകയായിരുന്നു.
കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമാണ സാമഗ്രികൾ നദീമദ്ധ്യത്തിൽ നിന്ന് നീക്കാത്തത് കിഴക്കൻ പള്ളിയോടങ്ങൾക്കും ഭീഷണിയാണ്.
നദിക്കു കുറുകെ വലിച്ചിരിക്കുന്ന വടങ്ങൾ പള്ളിയോടങ്ങളുടെ യാത്ര സുഗമമാക്കത്തക്ക വിധം ഉയർത്തി വലിച്ചുകെട്ടാൻ നടപടിയുണ്ടാവണം.
പള്ളിയോട കരക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |