കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി പൊലീസ് പിടിയിലായി. നെടുമ്പന കുളപ്പാടം ജാബിർ മൻസിലിൽ മുഹമ്മദ് അൻവറാണ് (37) ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. കാസർകോട് ബേക്കലുള്ള വീട്ടിൽ നിന്നാണ് ഇന്നലെ പുലർച്ചെ ഇയാളെ അറസ്റ്റ് ചെയ്തത്.
കൊട്ടിയം സിത്താര ജംഗ്ഷന് സമീപമുള്ള വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെയും 2012ൽ കുളപ്പാടത്ത് രാഷ്ട്രീയ പ്രവർത്തകരായ മൂന്നുപേരെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രധാന പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു.
വിചാരണ കോടതി കൂട്ടുപ്രതികളെ ശിക്ഷിച്ചെങ്കിലും അൻവർ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ അലക്‌സാണ്ടർ തങ്കച്ചന്റെ നേതൃത്വത്തിൽ ചാത്തന്നൂർ ഇൻസ്‌പെക്ടർ അനൂപ്, സി.പി.ഒമാരായ രാജീവ്. ആന്റണി തോബിയാസ്, ഹസീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |