കൊല്ലം: സാങ്കേതികമായി സാദ്ധ്യമാണെങ്കിൽ ദേശീയപാത അതോറിറ്റിയുടെ ചെലവിൽ ദേശീയപാത 66ൽ കൊല്ലം നീണ്ടകരയിൽ കാൽനടക്കാർക്കുള്ള അടിപ്പാത നിർമ്മിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ഉറപ്പ് നൽകി. മൂവായിരത്തിലേറെപേർ ഒപ്പിട്ട നിവേദനം സമർപ്പിച്ച് മന്ത്രിയുമായി ന്യൂഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്. ദേശീയപാത അതോറിറ്റി അംഗം വെങ്കിട്ടരമണന്റെ സാന്നിദ്ധ്യത്തിലാണ് ചർച്ച നടന്നത്. അടിപ്പാത നിർമ്മാണത്തിന്റെ സാങ്കേതിക സാദ്ധ്യത മനസിലാക്കാൻ മന്ത്രി നേരിട്ട് പ്രൊജക്ട് ഡയറക്ടറുമായി ഫോണിൽ സംസാരിച്ചു. നീണ്ടകരയിൽ ഹാർബറിലും പൊതു സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും കാൽനടയായി എത്തുന്ന സ്ത്രീ മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ബുദ്ധിമുട്ട് എം.പി മന്ത്രിയെ ബോദ്ധ്യപ്പെടുത്തി. പ്രദേശവാസികളുടെ കഷ്ടത ബോദ്ധ്യപ്പെട്ട മന്ത്രി വിശദമായ പഠനം നടത്താൻ ദേശീയപാത അതോറിറ്റി അംഗത്തിനും പ്രൊജക്ട് ഡയറക്ടർക്കും നിർദ്ദേശം നൽകി. കാൽനട അടിപ്പാത നിർമ്മിക്കുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കുമെന്നും അതിനായി യാതൊരു തരത്തിലുള്ള തുകയും മറ്റൊരു സ്ഥാപനത്തിൽ നിന്നും വാങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |