കണ്ണൂർ: ജയിലിൽ നിന്ന് രക്ഷപ്പെട്ട ഗോവിന്ദച്ചാമിയെക്കുറിച്ച് പൊലീസിന് ആദ്യവിവരം നൽകിയത് വഴിയാത്രക്കാരൻ. കണ്ണൂർ തളാപ്പിലെ തന്റെ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു വിനോജ് എന്ന യുവാവ് ഗോവിന്ദച്ചാമിയെ കണ്ടത്. സംശയം ബലപ്പെട്ടതോടെ വിവരം പൊലീസിന് കൈമാറുകകയായിരുന്നു. തന്നെ തിരിച്ചറിഞ്ഞതോടെ ഗോവിന്ദച്ചാമി ഉപേക്ഷിക്കപ്പെട്ട് കാടുമൂടിക്കിടക്കുന്ന വീട്ടുപരിസരത്തേക്ക് എടുത്തുചാടുകയായിരുന്നു. തുടർന്ന് വീടുവളഞ്ഞ് നടത്തിയപരിശോധനയിൽ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്.
വിനോജ് പറയുന്നത്
'കണ്ണൂർ ബൈപ്പാസ് റോഡിൽ വച്ചാണ് റോഡിന്റെ വലത് വശം ചേർന്ന് ഒരാൾ നടന്ന് പോകുന്നത് കണ്ടത്.തലയിൽ അഴുക്കുതുണികളുടെ ഒരു ഭാണ്ഡം പിടിച്ചിട്ടുണ്ടായിരുന്നു. രണ്ട് കൈകളും തലയിലെ ഭാണ്ഡത്തിലേക്ക് വച്ചിരിക്കുകയായിരുന്നു. സംശയം തോന്നിയതോടെ സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും കൂട്ടി സ്കൂട്ടറിൽ 15 മീറ്ററോളം ദൂരത്തിലേക്ക് വന്നു.നടന്നുപോകുന്ന അയാളെ കണ്ടതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് മുറിച്ചുചെന്ന് എടാ ഗോവിന്ദച്ചാമീയെന്ന് വിളിച്ചു. തന്നെ തിരിച്ചറിഞ്ഞു എന്ന് വ്യക്തമായതോടെ അയാൾ മതിൽ ചാടി കാടുമൂടിക്കിടക്കുന്ന വീട്ടുപരിസരത്തേക്ക് ഓടുകയായിരുന്നു. വിവരം ഉടനെ പൊലീസിൽ അറിയിച്ചു.'
പൊലീസ് സംഘമെത്തി വീടുവളഞ്ഞ് നടത്തിയ പരിശോധനയിലാണ് കിണറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന നിലയിൽ ഗോവിന്ദച്ചാമിയെ കാണുന്നതും പിടികൂടുന്നതും. ഇന്ന് പുലർച്ചെ 1.15ഓടെയാണ് ജയിൽ ചാടിയതെന്നാണ് വിവരം. രാവിലെ ഏഴ് മണിയോടെയാണ് അധികൃതർ വിവരമറിഞ്ഞത്. പത്താം ബ്ലോക്കിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. ജയിലിലെ സെല്ല് മുറിച്ച് പുറത്തുകടന്നു. ശേഷം തുണി ചേർത്തുകെട്ടി വടമാക്കിയാണ് ഇയാൾ ജയിൽ ചാടിയതെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |