പാങ്ങോട്: ഗതാഗത തടസങ്ങൾക്കും അപകടങ്ങൾക്കും കാരണമായി കല്ലറ- പാലോട് റോഡിൽ ഭരതന്നൂർ ചന്തമുക്കിൽ സ്ഥിതിചെയ്യുന്ന ട്രാൻസ് ഫോമർ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ.
ജംഗ്ഷനിൽ ഏറ്റവും തിരക്കുള്ള ഭാഗത്ത് റോഡിനും ഓടയ്ക്കും ഇടയിലായാണ് ട്രാൻസ് ഫോർമറുള്ളത്. ഇത് ഗതാഗത തടസങ്ങൾക്കും അപകടങ്ങൾക്കും കാരണമായിട്ടും മാറ്റി സ്ഥാപിക്കാൻ ഇലക്ട്രിസിറ്റി ബോർഡോ പഞ്ചായത്തോ തയ്യാറാകുന്നില്ല. കെ.എസ്.ഇ.ബി കല്ലറ സെക്ഷന്റെ കീഴിൽ ഭരതന്നൂർ ഓവർസിയർ ഓഫീസിന്റെ പരിധിയിലാണ് ട്രാൻസ്ഫോമർ ഉള്ളത്. വർഷങ്ങൾക്ക് മുൻപാണ് ഇവിടെ ട്രാസ്‌ഫോമർ സ്ഥാപിച്ചത്. ഇതിനിടയിൽ പല തവണ റോഡിന്റെ വീതികൂട്ടിയിരുന്നു. എന്നാൽ ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കിയില്ല. ഒടുവിൽ ട്രാൻസ്ഫോമർ റോഡിലാവുകയും ചെയ്തു . ഭരതന്നൂർ പബ്ളിക് മാർക്കറ്റിനോട് ചേർന്ന് റോഡിന്റെ വളവിലാണ് ട്രാൻസ്ഫോമർ ഉള്ളത്. തിരക്കുള്ള റോഡായതിനാൽ കണ്ണൊന്ന് തെറ്റിയാൽ ഇവിടെ അപകടം ഉറപ്പാണ്. പ്രത്യേകിച്ചും ചന്ത ദിവസങ്ങളിൽ. ട്രാൻസ് ഫോമർ ഇവിടെ നിന്നും മാറ്റി സമീപത്തുള്ള പബ്ളിക് മാർക്കറ്റിനുള്ളിൽ ഒരു വശത്തായി സ്ഥാപിച്ചാൽ നാട്ടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും, അപകടങ്ങളും ഒഴിവാക്കാനാകും. അതിന് വേണ്ട സ്ഥലവും മാർക്കറ്റിലുണ്ട്. ഇനി വേണ്ടത് ബന്ധപ്പെട്ടവരുടെ താൽപര്യമാണ്. അതുണ്ടാകണമെന്നാണ് അധികൃതരോട് നാട്ടുകാർക്കുള്ള അഭ്യർത്ഥന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |