ന്യൂഡൽഹി: ഡ്രോണിൽ നിന്ന് വിക്ഷേപിച്ച്, ആകാശത്തെയും കരയിലെയും ലക്ഷ്യങ്ങളെ ഭേദിക്കുന്ന അൺമാൻഡ് ഏരിയൽ വെഹിക്കിൾ ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (യു.എൽ.പി.ജി.എം- വി 3) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച യു.എൽ.പി.ജി.എം- വി 2 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. ഇന്നലെ ആന്ധ്രാപ്രദേശിലെ കുർണൂലിലുള്ള നാഷണൽ ഓപ്പൺ ഏരിയ റേഞ്ചിലാണ് (എൻ.ഒ.എ.ആർ) പരീക്ഷണം നടന്നത്.
മിസൈലിൽ ഘടിപ്പിച്ച ഹൈ ഡെഫനിഷൻ ഡ്യുവൽ- ചാനൽ സീക്കർ സമതലങ്ങളിലും ഉയർന്ന പ്രദേശങ്ങളിലുമുള്ള ലക്ഷ്യങ്ങളെ തകർക്കും. പകലും രാത്രിയും പ്രവർത്തനം ഒരുപോലെ. വിക്ഷേപണത്തിനു ശേഷം മിസൈലിനെ നിയന്ത്രിക്കാനും ലക്ഷ്യം മാറ്റാനും സാധിക്കും.
ഡി.ആർ.ഡി.ഒയുടെ കീഴിലുള്ള റിസർച്ച് സെന്റർ ഇമാറാത്ത്, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറി, ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറി, ഹൈ- എനർജി മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറി, ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച്, ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച്ച് ലബോറട്ടറി എന്നിവ സംയുക്തമായാണ് വികസിപ്പിച്ചത്. ബംഗളൂരുവിലെ ന്യൂസ്‌പേസ് റിസർച്ച് ടെക്‌നോളജീസ് എന്ന സ്റ്റാർട്ടപ്പ് തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണാണ് ഉപയോഗിച്ചത്.
മൂന്ന് പോർമുനകൾ
1. റോൾഡ് ഹോമോജീനിയസ് ആർമർ (ആർ.എച്ച്.എ), സ്‌ഫോടകവസ്‌തുക്കളെ പ്രതിരോധിക്കുന്ന എക്‌സ്‌പ്ളോസീവ് റിയാക്ടീവ് ആർമർ (ഇ.ആർ.എ) എന്നീ സംരക്ഷണ കവചങ്ങളുള്ള ടാങ്കുകളെ തകർക്കും.
2. ബങ്കറുകൾ തകർക്കാൻ ആന്റി ബങ്കർ പെനിട്രേഷൻ- കം- ബ്ലാസ്റ്റ് വാർഹെഡ്
3. മാരക ശേഷിയുള്ള പ്രീ- ഫ്രാഗ്‌മെന്റേഷൻ വാർഹെഡ്
കരുത്ത് തെളിയിച്ചു: രാജ്നാഥ് സിംഗ്
യു.എൽ.പി.ജി.എം- വി 3 വികസനത്തിനും വിജയകരമായ പരീക്ഷണങ്ങൾക്കും ഡി.ആർ.ഡി.ഒയെയും പങ്കാളികളെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു. ഇന്ത്യയ്‌ക്ക് നിർണായക പ്രതിരോധ സാങ്കേതികവിദ്യകൾ സ്വാംശീകരിക്കാനും ഉത്പാദിപ്പിക്കാനും കഴിയുമെന്ന് പരീക്ഷണത്തിലൂടെ തെളിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ആയുധം കാലം ആവശ്യപ്പെടുന്നതാണെന്ന് ഡി.ആർ.ഡി.ഒ ചെയർമാൻ ഡോ. സമീർ വി.കാമത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |