കൊല്ലം: വരിക്കച്ചക്കയുടെ ചുള വെളിച്ചെണ്ണയിൽ വറുത്തുകോരി ചിപ്സാക്കി അയൽവീട്ടമ്മമാർ മാസം സമ്പാദിക്കുന്നത് അര ലക്ഷം രൂപ!. കൊല്ലം എഴുകോൺ പുളിയറ കൃഷ്ണകൃപയിൽ പി.ശുഭ (51), പൊയ്കവിള പുത്തൻവീട്ടിൽ എ.രാജി (52), ശ്രീജിത്ത് ഭവനിൽ ടി.ലതിക (59), തുണ്ടുവിള വീട്ടിൽ എസ്.രേഖ (35) എന്നിവരാണ് വീട്ടിലെ വർക്ക് ഏരിയായിൽ 'സ്റ്റാർട്ടപ്പ്' വിജയിപ്പിച്ചത്.
ചില്ലറ വിൽപ്പനയില്ല, മുഴുവനും ടോക്കോ സ്റ്റാർട്ടപ്പ് കമ്പനിക്ക് പാഴ്സലയയ്ക്കും. ഒരു കിലോയ്ക്ക് 950 രൂപ ലഭിക്കും. അമേരിക്ക, ഇറ്റലി, ദുബായ് എന്നിവിടങ്ങളിലെത്തുമ്പോൾ വില 1500 രൂപയ്ക്ക് മുകളിലെത്തും.
ടോക്കോ കമ്പനി എറണാകുളത്ത് പരിശീലനം സംഘടിപ്പിച്ചപ്പോൾ എഴുകോൺ കുടുംബശ്രീ വഴി നിർദ്ദേശിച്ചവർ പോയില്ല, പകരം പങ്കെടുത്തവരാണ് ശുഭയും കൂട്ടരും. ചക്ക ചിപ്സിലാണ് തുടക്കം. ശുഭയുടെ വീട്ടിലെ അടുക്കള വർക്ക് ഏരിയയായി. ലതികയും രാജിയും രേഖയും സഹായികളായായി.
ചക്കച്ചുള പ്രത്യേക ആകൃതിയിൽ അരിഞ്ഞ് മഞ്ഞളും ഉപ്പും ചേർത്ത് കെ.പി.എൽ വെളിച്ചെണ്ണയിലാണ് വറുക്കുന്നത്. ചേരുവകളുടെ മേന്മയും പരിശീലനത്തിന്റെ കൃത്യതയുമാണ് പ്രധാനം. കഴിഞ്ഞ ഏപ്രിൽ 22ന് 5 കിലോ ചിപ്സ് ടോക്കോയ്ക്ക് അയച്ചു. കൈപ്പുണ്യം കൂടുതലാണെന്ന കമന്റോടെ ഓർഡർ കൂടി. ഇപ്പോൾ നൂറ് കിലോ ചിപ്സ് അയയ്ക്കാൻ കഴിയുന്നുണ്ട്.
മന്ത്രി കെ.എൻ.ബാലഗോപാലാണ് പുതിയ സംരംഭത്തിന് പ്രേരണ നൽകിയത്. മൂന്ന് തവണ മന്ത്രി ശുഭയുടെ വീട്ടിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന് പൊതുവേദിയിൽ ചിപ്സ് പായ്ക്കറ്റ് കൈമാറി ഉദ്ഘാടനവും നടത്തി.
ചക്കയ്ക്ക് പിന്നാലെ കശുഅണ്ടി, ചീനി ഉത്പന്നങ്ങളും ഉടനിറക്കും. ഓണ വിപണിയിലേക്ക് ചില്ലറ വിൽപ്പനയ്ക്കുള്ള ഏത്തയ്ക്ക ചിപ്സ് തയ്യാറാക്കുന്നതിനൊപ്പം നാൽപ്പത് വീട്ടമ്മമാർക്ക് തൊഴിൽ നൽകുംവിധം സംരംഭം വിപുലമാക്കാനാണ് നാൽവർ സംഘത്തിന്റെ തീരുമാനം.
കരുത്ത് കുടുംബം
ലതികയുടെ ഭർത്താവ് രവീന്ദ്രന് ടയറിന്റെ പണിയാണ്. മകൻ നായർ അഭിജിത്ത് രവീന്ദ്രനാഥ് ചെന്നൈ ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് സെന്ററിലെ സയന്റിസ്റ്റും മകൾ അനുശ്രീ ലാബ് ടെക്നീഷ്യയുമാണ്. രാജിയുടെ ഭർത്താവ് ബാബുരാജൻ കാർപ്പെന്ററാണ്. മക്കൾ ജിനിരാജ് എണറാകുളത്ത് വാട്ടർ അതോറിറ്റി എൻജിനിയറും ജിതിരാജ് സഹകരണ ബാങ്ക് ക്ളാർക്കുമാണ്. ശുഭയുടെ ഭർത്താവ് റിട്ട.എസ്.ഐ ഗോപാലകൃഷ്ണൻ ഒന്നര വർഷം മുമ്പ് മരിച്ചു. മകൾ എബികൃഷ്ണൻ ബി.ടെക്കും മകൾ ആര്യാകൃഷ്ണ അഗ്രി. ബിരുദവും പാസായി. രേഖയുടെ ഭർത്താവ് അജയകുമാർ കല്പണിക്കാരനാണ്. മക്കൾ അലീനകൃഷ്ണയും ആരാദ്ധ്യ കൃഷ്ണയും സ്കൂൾ വിദ്യാർത്ഥിനികളാണ്.
മുഴുപ്പുള്ള ഒരു വരിക്ക ചക്കയിൽ നിന്ന് മൂന്ന് കിലോ ചിപ്സ് തയ്യാറാക്കാം.
വീട്ടമ്മമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |