കൊട്ടിയൂർ: തലശ്ശേരി ഹെറിറ്റേജ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കൊട്ടിയൂർ ശിവക്ഷേത്രത്തിൽ ടൂറിസം വകുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കിയ പദ്ധതികളുടെ പൂർത്തീകരണ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു. പത്ത് കോടി ചെലവഴിച്ച ടൂറിസം വകുപ്പിന്റെ കൊട്ടിയൂർ ടെമ്പിൾ ടൂറിസം എക്സ്പീരിയൻസ് സ്ട്രീറ്റ്, സ്ട്രീറ്റ് സ്‌കേപ്പ്, ടൂറിസ്റ്റ് അമിനിറ്റീസ് എന്നിങ്ങനെ മൂന്നുഘട്ട പദ്ധതിയാണ് പൂർത്തിയാക്കിയത്.
സംസ്ഥാന സർക്കാർ ഫണ്ടിൽനിന്ന് 4.52 കോടിയും കിഫ്ബി ഫണ്ടിൽനിന്ന് 5.45 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മ്യൂസിയം, കെട്ടിടം, മാർക്കറ്റ്, ഗോശാല, ഊട്ടുപുര, കാർ പാർക്കിംഗ്, ഡോർമറ്ററി ആൻഡ് ക്ലോക്ക് റൂം, ഓപ്പൺ തിയറ്റർ, ടിക്കറ്റ് കൗണ്ടർ, പിൽഗ്രിം ഷെൽട്ടർ എന്നിവയാണ് പ്രധാന ഘടകങ്ങൾ. അമ്പലം പരിസരത്ത് ഫലകം അനാച്ഛാനത്തിന് ശേഷം കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ബാവലിപ്പുഴയ്ക്ക് കുറുകെ പുനർനിർമ്മിച്ച നീണ്ടുനോക്കി പാലത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കിഫ്ബി സാമ്പത്തിക സഹായത്തോടെ കെ.ഐ.ഐ.ഡിയാണ് പദ്ധതി നടപ്പാക്കിയത്.
കൊട്ടിയൂർ ക്ഷേത്ര പരിസരത്തു നടന്ന ചടങ്ങിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, ബ്ലോക്ക് പഞ്ചായത്തംഗം കെ സുനീന്ദ്രൻ, വാർഡ് മെമ്പർ ജോണി ആമക്കാട്, കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി.നാരായണൻ നായർ, ടൂറിസം വകുപ്പ് ഡി.ഡി.ടി.സി. മനോജ്, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി.സി ബിജു, അസി.കമ്മിഷണർ എൻ.കെ.ബൈജു, മലബാർ ദേവസ്വം ബോർഡ് നിയുക്ത പ്രസിഡന്റ് ഒ.കെ.വാസു, കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ കെ.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
കൊട്ടിയൂർ ഉത്സവത്തിന് വരുന്നവർക്ക് ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധം സൗകര്യപ്രദമായ റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കാനായി പ്രൊപ്പോസൽ സമർപ്പിക്കാൻ സൂപ്രണ്ടിംഗ് എൻജിനീയർക്ക് നിർദേശം നൽകും.ഇത്തവണ ഒരുകാലത്തും ഇല്ലാത്ത നിലയിൽ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി തീർഥാടകർ കൊട്ടിയൂരിലെത്തി. അതിന് അനുസൃതമായ പശ്ചാത്തല വികസനം ഇവിടെ വേണം. പ്രദേശത്തിന്റെ പശ്ചാത്തലവികസനം ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാൻ ശ്രമിക്കും.
കൊട്ടിയൂർ ക്ഷേത്രം ഉൾപ്പെടെ കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി വിപുലമായ തീർത്ഥാടന ടൂറിസത്തിനുള്ള പ്രൊപോസൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും- ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |