തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ രാജ്യാന്തര വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളം അടിമുടി മാറ്റത്തിന് തയ്യാറെടുക്കുന്നു. വിമാനത്താവള വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അനന്ത ടെര്‍മിനല്‍ വിപുലീകരണത്തിനുള്ള പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ടെര്‍മിനല്‍ വിപുലീകരണം മുതലുള്ളവയ്ക്ക് ആകെ 8707 കോടി രൂപയാണ് ചെലവ് വരുന്നത്.
ടെര്‍മിനലും അനുബന്ധ കെട്ടിടങ്ങളും, കാര്‍ഗോ കോംപ്ലക്‌സ്, റണ്‍വേ, ഏപ്രണ്‍ ആന്‍ഡ് ടാക്‌സിവേ, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍, റോഡ്, മറ്റു ഗതാഗത സൗകര്യങ്ങള്‍ തുടങ്ങിയവയാണ് വിമാനത്താവള നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിമോട്ട് ചെക്ക് ഇന്‍ ഉള്‍പ്പെടെയുള്ള ലോകോത്തര സൗകര്യങ്ങളാണ് ടെര്‍മിനലില്‍ ഒരുക്കുന്നത്.
യാത്ര പുറപ്പെടുന്നതും വരുന്നതുമായ ടെര്‍മിനലുകള്‍ വ്യത്യസ്ത നിലകളിലാവും (മള്‍ട്ടി ലെവല്‍ ഇന്റഗ്രേറ്റഡ് ടെര്‍മിനല്‍). ചെക്ക് ഇന്‍ കൗണ്ടറുകള്‍, ഇമിഗ്രേഷന്‍, കസ്റ്റംസ്, ഷോപ്പിംഗ് ഏരിയ എന്നിവ വിസ്തൃതമാവും. ലോഞ്ചുകള്‍ വലുതാക്കും. യാത്രക്കാര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കേണ്ട സ്ഥിതിയൊഴിവാകും.നിലവില്‍ 34 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 50 ലക്ഷം പേര്‍ യാത്ര ചെയ്തുവെന്നാണ് കണക്ക്.
5.52 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് വിപുലീകരണം പൂര്‍ത്തിയാക്കുക. 2.7 കോടി യാത്രക്കാരെയും 0.42 ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ശേഷിയിലേക്ക് വിമാനത്താവളം വികസിപ്പിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |