വിഴിഞ്ഞം: ഏതാനും വർഷങ്ങൾ മുൻപ് പുഞ്ചക്കരി ഭാഗത്തെത്തിയ ദേശാടനപ്പക്ഷിയായ ഇബിസസ് കൊക്കുകൾ എന്നറിയപ്പെടുന്ന 'കഷണ്ടി' കൊക്കുകൾ പനങ്ങോട് കാട്ടുകുളം ഭാഗത്തെ വയലുകളിൽ ചേക്കേറിയിരിക്കുകയാണ്. സാധാരണയായി നവംബർ മുതൽ മാർച്ച് വരെയാണ് ഇവർ ദേശാടനത്തിന് എത്തുന്നത്. കറുത്ത ചുണ്ടുകളും കഴുത്തുകളും കറുത്ത നിറമുള്ള കാലുകളുമാണ് പ്രത്യേകത. കഴുത്തിൽ തൂവലുകൾ ഇല്ല, ഈ ഭാഗം കറുത്ത നിറമാണ്. 'കഷണ്ടി' കൊക്കുകൾ വംശനാശഭീഷണി നേരിടുന്ന ജീവിയുമാണ്.
തൂവലുകൾ ഇല്ലാത്തതിനാൽ ഇവയെ കഷണ്ടി കൊക്കുകളെന്നും വെള്ള അരിവാൾകൊക്കുകളെന്നും അറിയപ്പെടുന്നു. ഇവ കുമരകം ഭാഗത്ത് കൂടുതലായി പ്രജനനം നടത്തുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ,ചൈന, ശ്രീലങ്ക, കൂടാതെ ഇന്ത്യയുടെ അയൽ രാജ്യങ്ങളിലും ഇവ ദേശാടനം നടത്തുന്നു. ഇവയുടെ പ്രധാന ഭക്ഷണം വയലുകളിൽ കാണുന്ന നത്ത എന്ന ജീവിയാണ്. അതിനാൽ പ്രാദേശികമായി ഇതിനെ 'നത്ത ഉടച്ചാൻ' എന്നും അറിയപ്പെടുന്നു.
പുഞ്ചക്കരി ഭാഗങ്ങളിൽ അക്വാഷിയാ മരങ്ങളുടെ കാഠിന്യം മൂലം ഇവിടെ കൂടുകൂട്ടി കണ്ടിട്ടില്ല. കൃഷിക്ക് അമിതമായ രാസപ്രയോഗമുള്ളതിനാൽ വയലുകളിൽ കാണപ്പെടുന്ന ജീവികളെ ഭക്ഷിക്കുന്നതുകൊണ്ട് ഇവ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നു. വളരെ കുറച്ച് മുട്ടകൾ ഇടുമെങ്കിലും എല്ലാം വിരിയാറില്ല. കൂടാതെ നായകൾ ആക്രമിച്ച് പിടികൂടുന്നതും ഇവയുടെ എണ്ണം കുറവിന് കാരണമാകുന്നതായി പക്ഷി നിരീക്ഷകനായ കിരൺ പറഞ്ഞു. ഒരു മരത്തിലോ കുറ്റിക്കാട്ടിലോ ഒരു കൂട് കെട്ടി രണ്ടോ നാലോ മുട്ടകൾ ഇടുന്ന കൊളോണിയൽ പ്രജനനക്കാരാണ് ഇവ.ചതുപ്പുനിലമുള്ള തണ്ണീർത്തടങ്ങളിൽ ഇവ കാണപ്പെടുന്നു, വിവിധ മത്സ്യങ്ങൾ, തവളകൾ, ക്രസ്റ്റേഷ്യനുകൾ, പ്രാണികൾ എന്നിവയെ ഭക്ഷിക്കുന്നു.ഓസ്‌ട്രേലിയയിൽ നഗരങ്ങളിലാണ് കൂടുതലായും ഇവയുടെ വാസസ്ഥലം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |