ന്യൂഡൽഹി : നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെയുള്ള രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കുന്നതാണോയെന്ന് സുപ്രീംകോടതി പരിശോധിക്കും. റഫറൻസ് നിയമപരമായും ഭരണഘടനാപരമായും നിലനിൽക്കില്ലെന്ന് കേരളവും തമിഴ്നാടും അറിയിച്ചതിനെ തുടർന്നാണ് അക്കാര്യത്തിൽ ആദ്യം വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചത്. ആഗസ്റ്റ് 19ന് വാദംകേൾക്കൽ ആരംഭിക്കും. സമയക്രമം കർശനമായി പാലിക്കണം.
എതിർക്കുന്നവരുടെ വാദം ആഗസ്റ്റ് 19,20,21,26
അനുകൂലിക്കുന്നവരുടേത് ആഗസ്റ്റ് 28, സെപ്‌തം. 2,3,9
കൂടുതൽ വാദമുഖങ്ങളുണ്ടെങ്കിൽ സെപ്‌തം.10ന് കേട്ട് പൂർത്തിയാക്കും
ആഗസ്റ്റ് 12നകം കക്ഷികൾക്ക് രേഖാമൂലം നിലപാട് അറിയിക്കാം. എതിർക്കുന്നവരുടെ നോഡൽ ഓഫീസറായി അഡ്വ. മിഷാ റോത്തഗിയെ നിയോഗിച്ചു. കേന്ദ്രസർക്കാരിന് വേണ്ടി അഡ്വ. അമൻ മേത്ത നോഡൽ ഓഫീസറാകും.
റഫറൻസ് മടക്കണമെന്ന് തമിഴ്നാടും
റഫറൻസ് ഉത്തരം നൽകാതെ മടക്കി അയക്കണമെന്ന് കേരളം അപേക്ഷ സമർപ്പിച്ചിരുന്നു. പിന്നാലെ തമിഴ്നാടും സമാന ആവശ്യമുന്നയിച്ചു. തമിഴ്നാട് സർക്കാരും ഗവർണറും തമ്മിലുള്ള കേസിലെ സുപ്രധാന വിധി വീണ്ടും തുറക്കാനാണ് രാഷ്ട്രപതി ശ്രമിക്കുന്നത്. നിയമപരമായ ചോദ്യങ്ങൾ ഉയർത്തുന്നതാണ് റഫറൻസെന്ന് തമിഴ്നാട് സമർപ്പിച്ച അപേക്ഷയിൽ ചൂണ്ടിക്കാട്ടി. റഫറൻസിന് അപ്പീലിന്റെ സ്വഭാവമാണെന്നും വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |