കാളികാവ്: കരുവാരക്കുണ്ടിന്റെ പേരുമാറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ആനയും കടുവയും പുലിയും കാട്ടുപോത്തും പന്നിക്കൂട്ടങ്ങളും നാടിന്റെ സ്വസ്ഥതയും സമാധാനവും തകർത്തതോടെയാണ് കടുവാനക്കുണ്ട് എന്നു പേര് മാറ്റിയിരിക്കുന്നത്.
ഇത്രയേറെ മൃഗശല്യം നേരിടുന്ന നാട് വേറെയില്ലെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ കാർഷിക വിളകൾക്കാണ് ഭീഷണിയെങ്കിൽ ഇപ്പോൾ മനുഷ്യജീവനും കടുത്ത ഭീഷണിയാണ് . കഴിഞ്ഞ രണ്ടു മൂന്നു വർഷത്തിനിടെയാണ് കടുവയടക്കമുള്ള മൃഗങ്ങളുടെ ആക്രമണം കൂടിയത് .
ഇപ്പോൾ പട്ടാപ്പകലും കാട്ടാനകൂട്ടം നടുറോഡിലും ജനവാസ കേന്ദ്രങ്ങളിലും വിഹരിക്കുകയാണ്.രണ്ടു മാസം മുമ്പ് കടുവ ഒരാളെ കൊന്നതോട് കൂടി വന്യമൃഗ വിഷയത്തിൽ ജനരോഷം കൂടിയിട്ടുണ്ട്.
രണ്ടു വർഷം മുമ്പ് ഗൾഫിൽ നിന്ന് ലീവിൽ വന്ന ഷാജി വാടിയിൽ എന്നയാളെ സ്വന്തം വീട്ടുമുറ്റത്തിട്ട് കാട്ടു പോത്ത് കൊന്നിരുന്നു. ആനശല്യത്തിന് ഏറെ വർഷത്തെ പഴക്കമുണ്ട്.എന്നാൽ കടുവയും പുലിയും കാട്ടുപോത്തും ക്രമാധീതമായി പെരുകിയതായി നാട്ടുകാർ പറയുന്നു.പന്നിയാക്രമണം മൂലം അപകടം പറ്റിയവർക്ക് കണക്കില്ല.
വേണം പരിഹാരം
നരഭോജികളായ മൃഗങ്ങളുടെ വളർച്ചയാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുള്ളത്. കൽക്കുണ്ട്, തുരുമ്പോട, ചേരി, വട്ടമല, പാന്ത്ര, ഇരിങ്ങാട്ടിരി, വീട്ടിക്കുന്ന്, ചേരിസിറ്റി, കുനിയമ്മാട്, പറയൻ മാട് എന്നീ ജനവാസ പ്രദേശങ്ങളിലാണ് കൂടിയ തോതിൽ കടുവയും പുലിയും ഇറങ്ങുന്നത്.
രം ഇരുട്ടുന്നതോടെ ഇവിടങ്ങളിലെ നാട്ടുവഴികളൊക്കെ വിജനമാകും.
നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി മേഖലയിൽ ഫെൻസിംഗ് സ്ഥാപിക്കാമെന്ന് വനം വകുപ്പ് ജനപ്രതിനിധികളുടെ യോഗത്തിൽ വാക്കാൽ ഉറപ്പ് നൽകിയിട്ടുണ്ട്.ഇത് യാഥാർത്ഥ്യമായാൽ ആനയിറക്കത്തിന് താൽക്കാലിക പരിഹാരമാകും.
കടുവ, പുലി, പന്നിയടക്കമുള്ളവയെ വെടിവച്ച് കൊല്ലാൻ നടപടി ഊർജ്ജിതമാക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |