കൊല്ലം: സ്കൂളുകളിലെയും കോളേജുകളിലെയും നാഷണൽ സർവീസ് സ്കീം പ്രവർത്തനം രാജ്യത്ത് ആദ്യമായി കേരളത്തിൽ നിശ്ചിത ക്രെഡിറ്റുള്ള നൈപുണ്യ കോഴ്സാകുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും.
ഓപ്പൺ യൂണിവേഴ്സിറ്റി,നാഷണൽ സർവീസ് സ്കീം,സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരള ക്യാമ്പയിൻ,കെ-ഡിസ്ക് എന്നിവ സംയുക്തമായാണ് നൈപുണ്യ കോഴ്സാക്കുന്നത്. എൻ.എസ്.എസ് യൂണിറ്റുകൾ എല്ലാ വർഷവും ഏതെങ്കിലും ഒരുഗ്രാമം ദത്തെടുത്ത് അവരുടെ ഉന്നമനത്തിനായി ഇടപെടുന്നുണ്ട്. എൻ.എസ്.എസ് വോളണ്ടിയർമാർ വിജ്ഞാന കേരളവുമായി ചേർന്ന് തൊഴിൽ പരിശീലനവും നൽകും. അതിന് മുമ്പ് എല്ലാ വർഷവും കെ.ഡിസ്ക്,എൻ.എസ്.എസ് വോളണ്ടിയർമാർക്ക് നൈപുണ്യ പരിശീലനം നൽകും. ഇതിന് പുറമേ ഓപ്പൺ യൂണിവേഴ്സിറ്റി ഓൺലൈനായി തിയറി ക്ലാസ് നൽകും.
ഗ്രേസ് മാർക്കിന് പുറമേ ക്രെഡിറ്റ്
എൻ.എസ്.എസിന്റെ ഭാഗമായി ഒരുവർഷം 120 മണിക്കൂർ സന്നദ്ധ പ്രവർത്തനത്തിന് പുറമേ ഒരു ക്യാമ്പിലും പങ്കെടുന്നവർക്ക് രണ്ട് ശതമാനം വരെ ഗ്രേസ് മാർക്ക് ലഭിക്കും. ഇത് ഉപരിപഠന പ്രവേശനത്തിലാണ് പ്രയോജനപ്പെടുന്നത്. എൻ.എസ്.എസ് സ്കിൽ കോഴ്സാകുന്നതോടെ ഇതിലൂടെ ലഭിക്കുന്ന ക്രെഡിറ്റ് ഡിഗ്രി,പി.ജി വിദ്യാർത്ഥികൾക്ക് നിലവിലെ കോഴ്സിൽ തന്നെ ക്രെഡിറ്റ് ആവശ്യമുള്ളിടത്ത് കൂട്ടിച്ചേർക്കാം.ഹയർ സെക്കൻഡറി,വി.എച്ച്.എസ്.സി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനിടയിൽ ഉപയോഗിക്കാം.
നാഷണൽ സർവീസ് സ്കീം
ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, കോളേജ്
ഓരോ വർഷവും 3.5 ലക്ഷം വോളണ്ടിയർമാർ
ഇപ്പോൾ ഗ്രേസ് മാർക്ക് മാത്രം
2 % ഗ്രേസ് മാർക്ക് പൂർണമായും ലഭിക്കുന്നില്ല
ധാരണാപത്രം 30ന് മുഖ്യമന്ത്രിയുടെ ചേംബറിൽ വച്ച് കെ-ഡിസ്‌കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും സ്റ്റേറ്റ് എൻ.എസ്.എസും വിജ്ഞാന കേരളം ക്യാമ്പയിനും ഒപ്പിടും. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റിന് പുറമേ എൻ.സി.വി.ടിയുടെ സർട്ടിഫിക്കറ്റ് കൂടി നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
ഡോ.വി.പി.ജഗതിരാജ്
വൈസ് ചാൻസലർ, ഓപ്പൺ യൂണിവേഴ്സിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |