തിരുവനന്തപുരം: ജവഹർ നഗറിൽ നാലരക്കോടിയോളം രൂപ വിലവരുന്ന വീടും വസ്തുവും വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയും കോൺഗ്രസ് മുൻ പ്രാദേശിക നേതാവുമായ അനന്തപുരി മണികണ്ഠൻ അറസ്റ്റിൽ. മ്യൂസിയം പൊലീസും സിറ്റി ഷാഡോ സംഘവും ചേർന്ന് ചൊവ്വാഴ്‌ച പുലർച്ചെ ബംഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്.കേസിലെ പ്രധാന സൂത്രധാരനാണ് വെണ്ടർ കൂടിയായ മണികണ്ഠനെന്ന് പൊലീസ് പറയുന്നു.
കേസിൽ കോടതി ജാമ്യം നിഷേധിച്ചതോടെ ഇയാൾ സംസ്ഥാനം വിടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ആദ്യം ചെന്നൈയിലെത്തിയിരുന്നു. തുടർന്നാണ് പിന്തുടർന്ന് ബംഗളൂരുവിലെത്തിയത്. അഞ്ചാം പ്രതിയും മണികണ്ഠന്റെ അനുജനുമായ ആറ്റുകാൽ സ്വദേശി സി.എ.മഹേഷിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. കിള്ളിപ്പാലത്തെ മണികണ്ഠന്റെ ഓഫീസിലാണ് വ്യാജ പ്രമാണങ്ങൾ തയ്യാറാക്കിയത്. ഇതിനായി മഹേഷിന്റെ ലൈസൻസ്ഡ് അക്കൗണ്ടാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു.
അമേരിക്കയിൽ താമസിക്കുന്ന ഡോറ അസറിയ ക്രിപ്സിന്റെ 14.5 സെന്റ് വസ്തുവും വീടുമാണ് മെറിൻ ജേക്കബ് എന്നയാൾക്ക് ഉടമയറിയാതെ ധനനിശ്ചയം ചെയ്തുകൊടുക്കുകയും ചന്ദ്രസേനൻ എന്നയാൾക്ക് മറിച്ചുവിൽക്കുകയും ചെയ്തത്. ഡോറയുടെ വളർത്തുമകളാണ് മെറിൻ ജേക്കബെന്ന് വരുത്തിത്തീർത്താണ് വസ്തുകൈമാറിയത്. മെറിൻ ജേക്കബിനെയും ഡോറയായി ആൾമാറാട്ടം നടത്തിയ വസന്തയെയും പൊലീസ് നേരത്തെ പിടികൂടിയിരുന്നു.
മെറിൻ ജേക്കബിനെയും വസന്തയെയും കൊണ്ടുവന്നത് മണികണ്ഠനാണെന്നാണ് കരുതുന്നത്. ഒരു വ്യവസായിയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചതെന്നും പൊലീസിന് സംശയമുണ്ട്. മണികണ്ഠനെ ചോദ്യം ചെയ്താലേ ഇയാളെക്കുറിച്ച് അറിയാനാകൂ. ശാസ്തമംഗലം സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. എ.സി.പി സ്റ്റുവർട്ട് കീലർ,സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ബാലസുബ്രഹ്മണ്യൻ,സൂരജ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെത്തിച്ച മണികണ്ഠനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |