തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദ വിദ്യാലയ സംസ്കാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘ഗ്രീൻ ചാമ്പ്‌സ്: ഇങ്ക് ഷിഫ്റ്റ്‘ പദ്ധതി ജില്ലയിലെ വിദ്യാലയങ്ങളിൽ ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം തൈക്കാട് മോഡൽ ബോയ്സ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി നിർവ്വഹിച്ചു.
മാലിന്യം ശരിയായി വേർതിരിക്കുന്നതാണ് മാലിന്യ സംസ്‌കരണത്തിന്റെ ആദ്യപടിയെന്നും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആരും ബോധവാന്മാരല്ലെന്നും ജില്ലാ കളക്ടർ പറഞ്ഞു. മാലിന്യത്തെ വളമായും മറ്റ് വസ്തുക്കളായും പുനഃരുപയോഗിക്കാൻ കഴിയണം. ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും പ്രകൃതിയുടെ പുനഃരുജ്ജീവനത്തിനായി ലളിത ജീവിതം നയിക്കാൻ ഓരോരുത്തരും തയ്യാറാവുകയും വേണം. ഇതിലൂടെ ഒരു ഗ്രീൻ ചാമ്പ്യനെ വളർത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കളക്ടർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി അഞ്ച് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഫൗണ്ടൻ പേനകളും മഷിക്കുപ്പികളും വിതരണം ചെയ്തു. സ്‌കൂളിൽ മഷി ഡിസ്‌പെൻസർ സ്ഥാപിച്ചു. മാലിന്യസംസ്‌കരണത്തെക്കുറിച്ച് ശുചിത്വമിഷൻ തയ്യാറാക്കിയ പ്രത്യേക വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസും നടത്തി. വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് റീഫിൽ പേനകളുടെ ഉപയോഗം കുറയ്ക്കുന്നതിനും പുനഃരുപയോഗിക്കാൻ കഴിയുന്ന ഫൗണ്ടൻ പേനകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഡിഡിഇ ശ്രീജ ഗോപിനാഥ് ചങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ ശിവശക്തിവേൽ, സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് കെ.വി, ശുചിത്വമിഷൻ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |