തൃശൂർ: വനവിഭവങ്ങളുടെ ശാസ്ത്രീയ ശേഖരണ സംസ്‌കരണ മൂല്യവർദ്ധനയിലൂടെ, പ്രത്യേക ദുർബല ആദിവാസി വിഭാഗങ്ങളായ കാടർ, ചോലനായ്ക്കർ ഗോത്രസമൂഹങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ 3.17 കോടി രൂപയുടെ ഹബ് ഒരുങ്ങുന്നു. അതിരപ്പിള്ളി വാഴച്ചാൽ, നിലമ്പൂർ മേഖലകളിലാണ് കെ.എഫ്.ആർ.ഐ പഠനസംഘം റിസോഴ്‌സ് ഹബുകൾ യാഥാർത്ഥ്യമാക്കുന്നത്. വനവിഭവങ്ങൾ നാശം വരാതെ ശേഖരിച്ച് സംഭരിക്കാനും സംസ്‌കരിക്കാനും ബ്രാൻഡിംഗ് നടത്താനും ആധുനിക വിദ്യകൾ ലഭ്യമാക്കാനും ഇതുവഴി കഴിയും.
കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്ട്‌മെന്റ് ഒഫ് സയൻസ് ടെക്‌നോളജിയാണ് ഫണ്ട് അനുവദിച്ചത്. ജൂണിൽ തുടങ്ങിയ പ്രവർത്തനങ്ങൾ മൂന്നുവർഷത്തിനകം പൂർത്തിയാകും. വനവിഭവങ്ങളെ സംബന്ധിച്ച് നിരവധി ഗവേഷണങ്ങൾ പല സ്ഥാപനങ്ങളും നടത്തിയെങ്കിലും പൂർണമായും ഫലവത്തായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹബ് ഒരുക്കാൻ കേന്ദ്രസഹായം ലഭിച്ചത്.
അറിവുകൾ പുതുതലമുറയ്ക്കും
ആദിവാസി വിദ്യാർത്ഥികൾ റസിഡൻഷ്യൽ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഇവരുടെ മാതാപിതാക്കളാണെങ്കിൽ ഉന്നതികളിലും. ഇവർ തമ്മിലുള്ള അകലം പരമ്പരാഗത അറിവുകളുടെ കൈമാറ്റം ഇല്ലാതാക്കുന്നുണ്ട്. പുതുതലമുറയ്ക്ക് കാടുമായുളള ബന്ധം നഷ്ടമാകുന്നത് ഒഴിവാക്കാൻ പരിശീലനങ്ങളും സാംസ്‌കാരിക കൂട്ടായ്മകളും ഹബ്ബുകളിലുണ്ടാകും. ഇപ്പോഴുള്ള കെട്ടിടങ്ങൾ നവീകരിക്കുകയും പുതിയ കേന്ദ്രങ്ങൾ ഒരുക്കുകയും ചെയ്യും.
വന്യജീവിഭയം കൂടി
വന്യജീവി സംഘർഷം കൂടിയതോടെ വിഭവങ്ങൾ പെട്ടെന്ന് ശേഖരിച്ച് വനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രവണതയേറുന്നു. മരങ്ങളിൽ നിന്ന് ഫലങ്ങൾ പറിക്കുന്നതിനു പകരം കൊമ്പ് ഒടിച്ചും മറ്റും അശാസ്ത്രീയമായി ശേഖരിക്കുന്നത് ഒഴിവാക്കാൻ പുതിയ രീതികൾ പരിശീലിപ്പിക്കും.
പർട്ടിക്കുലർലി വൾനറബിൾ ട്രൈബൽ ഗ്രൂപ്പുകൾ
പി.വി.ടി.ജി ആയ കാടർ അതിരപ്പിളളി വാഴച്ചാലിലും ചോലനായ്ക്കർ നിലമ്പൂരിലുമാണുള്ളത്. വേട്ടയാടലും വനവിഭവശേഖരണവും നടത്തുന്ന ഇവർ കൃഷി ചെയ്യാൻ ഇഷ്ടപ്പെടാറില്ല. കെ.എഫ്.ആർ.ഐയിലെ ഫോറസ്റ്റ് എന്റമോളജി ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവിന്റെ നേതൃത്വത്തിലാണ് പദ്ധതി നിർവഹണം. ഇതിനായുളള പ്രൊപോസൽ തയ്യാറാക്കുമ്പോൾ തന്നെ ഗോത്രവിഭാഗങ്ങളിൽ പഠനം നടത്തിയിരുന്നു. നിലവിലുള പഠനങ്ങളും പരിശോധിക്കുന്നുണ്ട്.
കെ.എഫ്.ആർ.ഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫണ്ട് ലഭിച്ച പദ്ധതിയാണിത്. ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാകുമെന്ന വിശ്വാസമുണ്ട്.- ഡോ. കണ്ണൻ സി.എസ് വാര്യർ, ഡയറക്ടർ, കെ.എഫ്.ആർ.ഐ, പീച്ചി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |