പത്തനംതിട്ട: ആരോഗ്യവകുപ്പിൽ സ്ഥാനക്കയറ്റം നടക്കാത്തതിനാൽ ഡോക്ടർമാർക്ക് ജോലിഭാരമേറുന്നു. ജില്ലാമെഡിക്കൽ ഓഫീസുകളിൽ ഉപജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ആശുപത്രികളിൽ സൂപ്രണ്ടുമാരുടെയും ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
തസ്തികകൾ നികത്താത്തതിനാൽ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. ഉപജില്ലാ മെഡിക്കൽ ഓഫീസർമാർ ഇല്ലാത്തതു കാരണം മഴക്കാല രോഗങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകാൻ ജില്ലകളിൽ ആളില്ല. സൂപ്രണ്ടുമാർ ഇല്ലാത്ത ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഈ ചുമതലകൾ സർജൻമാരും സ്പെഷ്യലിസ്റ്റുകളും ചെയ്യേണ്ടിവരുന്നു. ശസ്ത്രക്രിയകൾ, മരുന്ന്, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ജോലിവിന്യാസം തുടങ്ങി എല്ലാകാര്യങ്ങളും നോക്കേണ്ടത് ഇവരാണ്.
ആശുപത്രി ചുമതലകളും ഏറ്റെടുക്കേണ്ടിവരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നതായി സർജൻമാർ പറയുന്നു. ചില ആശുപത്രികളിൽ തിരക്കുളള കുട്ടികളുടെ ഒ.പിയിലെ ഡോക്ടർമാർ പരിശോധന സമയത്തുതന്നെ ഭരണകാര്യങ്ങളും നിർവഹിക്കുന്നുണ്ട്.
വൈകുന്ന പ്രൊമോഷൻ പട്ടിക
കൃത്യസമയത്ത് പ്രൊമോഷൻ പട്ടിക തയ്യാറാക്കാത്തതും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാത്തതും കാരണമാണ് ഡോക്ടർമാർക്ക് അധിക ജോലിഭാരം ഏറ്റെടുക്കേണ്ടി വരുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ പ്രൊമോഷൻ കമ്മിറ്റി കൂടിയാണ് സ്ഥാനക്കയറ്റം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി പി.എസ്.സിക്ക് നൽകേണ്ടത്. സ്ഥാനക്കയറ്റത്തോടെ നികത്തേണ്ട തസ്തികകൾ തിരുവനന്തപുരം, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ ഒഴിഞ്ഞുകിടന്നിട്ട് ആറുമാസത്തോളമായി. വിഷയത്തിൽ ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.
പത്തനംതിട്ടയിൽ ഡെപ്യൂട്ടി ഡി.എം.ഒ,
കോന്നി, റാന്നി താലൂക്ക് സൂപ്രണ്ടുമാരുടെ ഒഴിവ്
ഒഴിവുള്ള തസ്തികകളുടെ എണ്ണം
ഉപ മെഡിക്കൽ ഓഫീസർമാർ -11
സൂപ്രണ്ടുമാർ - 20
ഡെപ്യൂട്ടി സൂപ്രണ്ടുമാർ - 12
ചൈൽഡ് ഹെൽത്ത് - 2
ട്യൂബർക്കുലോസിസ് ഓഫീസർ - 1.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |