കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്ത് 52 നാൾ നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. വലനിറയെ മീൻ പ്രതീക്ഷിച്ച് ജില്ലയിലെ ഹാർബറുകളിൽ നിന്ന് മത്സ്യബന്ധന ബോട്ടുകൾ കൂട്ടത്തോടെ കടലിലേക്ക് കുതിക്കും.
ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണി അന്തിമഘട്ടത്തിലാണ്. ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപണികൾ പൂർത്തിയാക്കി കടലിൽ പോയാലും മത്സ്യത്തൊഴിലാളികൾ നേരിടേണ്ടത് ഭാഗ്യ പരീക്ഷണമാണ് ഒരുദിവസം വരെ കടലിൽ തങ്ങുന്ന ബോട്ടുകൾക്ക് ഒരുലക്ഷം രൂപ വരെ ചെലവുണ്ട്. മീൻ കിട്ടിയില്ലെങ്കിൽ അന്നേ ദിവസം ചെലവായ മുഴുവൻ തുകയും നഷ്ടമാവും.
ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ കനത്ത കാറ്റും മഴയും കാരണം മത്സ്യബന്ധനം നടത്താൻ കഴിയാതിരുന്നതും കണ്ടെയ്നറുകൾ കടലിലടിഞ്ഞതുമൂലമുള്ള പ്രതിസന്ധികളും വെല്ലുവിളിയായേക്കുമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ഭീതി.
അതേസമയം ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിത്തുടങ്ങി. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ നീണ്ടകര പാലത്തിന് കുറുകെ കെട്ടിയിരുന്ന ചങ്ങലയുടെ താക്കോൽ ജില്ലാ ഭരണകൂടം ഫിഷറീസ് വകുപ്പിന് കൈമാറും. തുടർന്ന് ഫിഷറീസ് വകുപ്പ് അധികൃതർ ചങ്ങലയഴിച്ച് ബോട്ടുകൾക്ക് കടലിലേക്ക് കുതിക്കാനുള്ള വഴി തുറക്കും.
പ്രതീക്ഷയോടെ തീരവും
നിരോധനം അവസാനിക്കുന്നതോടെ പീലിംഗ് ഷെഡുകളും ഹാർബറുമായി ബന്ധപ്പെട്ട് കഴിയുന്ന സ്ഥാപനങ്ങളും കായലോരത്തെ ഡീസൽ പമ്പുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും.
പഴയ പ്രതാപത്തിലേക്ക്
ട്രോളിംഗ് നിരോധനത്തെ തുടർന്ന് തീരത്ത് നിറുത്തിയിട്ടിരുന്ന ബോട്ടുകളിൽ നിന്ന് മാറ്റിയ വലകൾ, ജി.പി.എസ്, വാക്കിടോക്കി, വയർലെസ് സെറ്റ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾ തിരികെ ഘടിപ്പിച്ചുതുടങ്ങി. വലകളും കയറുകളും ഉൾപ്പടെ അവശ്യസാധനങ്ങൾ തയ്യാറാക്കി ബോട്ടുകൾ സജ്ജമായിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |