ധാർമ്മികമായി അധ:പതിച്ച ജനതതിയെ ഉദാത്ത തലത്തിലേക്ക് ഉയർത്താൻ ഭക്തിയാണ് ഉചിതമായ മാർഗമെന്ന നിലയിൽ, അവസരം കിട്ടുമ്പോഴെല്ലാം അവതാര പുരുഷന്റെ ഗുണവിശേഷങ്ങൾ വർണ്ണിച്ചുകൊണ്ട് കഥ പറയുന്ന രീതിയാണ് അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിൽ തുഞ്ചത്ത് ആചാര്യൻ അവലംബിച്ചിരിക്കുന്നത്. അറിഞ്ഞു പ്രവർത്തിച്ചാൽ അപകടത്തിൽ ചാടാതിരിക്കാമെന്നും ശ്രേയസ്കരമായ ജീവിതം തുടരാനാകുമെന്നും കവി രാമായണത്തിലൂടെ നമുക്ക് കാണിച്ചു തരുന്നു. ജീവിതത്തിന്റെ നെെരന്തര്യവും ക്ഷണികതയും ബോദ്ധ്യപ്പെടുത്തുന്നതോടൊപ്പം അൽപ്പബുദ്ധിയായ മനുഷ്യൻ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളും അതോടൊപ്പമുള്ള ജീവിതമൂല്യങ്ങളും ദർശനങ്ങളും കഥാപാത്രങ്ങളിലൂടെ പ്രകടമാക്കുന്നു.
ഒരു കുടുംബകഥയിലൂടെ മനുഷ്യ വംശത്തിന്റെ മുഴുവൻ സുഖ, ദു:ഖങ്ങളുംവ്യഥകളും ആധികളും ആശങ്കകളും വായിച്ചറിയുമ്പോൾ തന്റെ ചുറ്റുപാടുമുള്ള ഓരോ വ്യക്തിയെയും സംഭവത്തെയും തിരിച്ചറിയാൻ ഇടയാക്കും. താനും കൂടി ഉൾപ്പെടുന്നതാണ് ഈ സമസ്യയെന്ന തൻമയീഭാവം അനുഭവവേദ്യമാകുന്നതോടെ ആത്മപരിശോധനയ്ക്കും സ്വയം പരിവർത്തനത്തിനും സാദ്ധ്യതയേറുന്നു. കുടുംബമെന്നത് വിശ്വത്തോളം വലുതാകുന്നു. വ്യക്തിയുടെ കാഴ്ചപ്പാട് ചക്രവാളങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നു. അങ്ങനെ, താനെന്ന ഭാവത്തിൽ നിന്ന് അന്യമായ തലത്തിലെത്തുമ്പോൾ വികസിത വ്യക്തിത്വമുള്ളവനാകുന്നു. അപ്പോൾ സഹജീവികൾക്കായി ജീവിതം അർപ്പിക്കാനുള്ള സന്മനസ് ഉണ്ടാകുകയും ചെയ്യുന്നു. നൻമ ചെയ്യേണ്ടത് സ്വധർമ്മാനുഷ്ഠാനമാണെന്ന തിരിച്ചറിവുണ്ടാകുന്നതാണ് മറ്റൊരു നേട്ടം. മാതൃത്വം, ഭ്രാതൃത്വം, ശ്രീത്വം തുടങ്ങിയ ഭാവങ്ങളും നിരുപാധികമായ ഭക്തിയും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കണ്ടെത്താൻ സാധിക്കുന്നു. ശാരീരികവും ഭൗതികവുമായ ശക്തിയെക്കാൾ ബ്രഹ്മതേജസ്സു കൊണ്ടുള്ള ബലമാണ് ഏറ്റവും വലിയ ബലമെന്ന് ബോദ്ധ്യമാകുന്നു.
മര്യാദാപുരുഷോത്തമനായ രാമൻ അക്കാലത്തെ സാമൂഹ്യവും രാഷ്ട്രീയവും ഗാർഹികവുമായ എല്ലാ ധർമ്മ വ്യവസ്ഥകളെയും അനുസരിച്ചു. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും സഹോദരനും പ്രജകൾക്കുമെല്ലാം വേണ്ടി എന്തെല്ലാം എങ്ങനെയെല്ലാം ചെയ്യണമെന്ന് കാണിച്ചുതരുന്നുണ്ട്. അമ്മയ്ക്കു വേണ്ടി സ്വയം മറന്ന് എന്തും ത്യജിക്കാൻ തയ്യാറായി. യൗവനത്തിന്റെ പ്രസരിപ്പിലും സുഖലോലുപതയും രാജകീയ ആഡംബരങ്ങളും വേണ്ടെന്നുവച്ചു. ശാരീരികവും മാനസികവുമായ സ്വയം പീഡനത്തിലൂടെ ആത്മപരീക്ഷണം നടത്തി. പ്രലോഭനങ്ങളെ സമചിത്തതയോടെ നേരിട്ടു. ശൃംഗാരവും കരുണവും വീരവും രൗദ്രവുമെല്ലാം വേണ്ട സമയത്ത് വേണ്ടപാകത്തിൽ പ്രകടിപ്പിച്ചു. ആർദ്രചിത്തനായും കഠോരഹൃദയനായും ചിലപ്പോഴെല്ലാം നിലകൊണ്ടു. സ്നേഹവും വാത്സല്യവും അർഹിക്കുന്നവർക്ക് നൽകിയും രാമൻ മാതൃകയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |