പത്തനംതിട്ട : ബുക്ക് വാങ്ങാനും ഇടവേളയിൽ സ്നാക്സ് കഴിയ്ക്കാനും കുട്ടികൾക്ക് ഇനി സ്കൂളിന് പുറത്തിറങ്ങി കഷ്ടപ്പെടേണ്ട. സ്കൂൾ വളപ്പിൽ ഇതിനെല്ലാം സൗകര്യമൊരുക്കുകയാണ് കുടുംബശ്രീയുടെ മാ കെയർ പദ്ധതി. സ്റ്റേഷനറി കം സ്‌നാക്‌സ് കിയോസ്ക് പദ്ധതി ജില്ലയിൽ ആറ് സ്കൂളുകളിൽ നടപ്പാക്കി.
വെച്ചൂച്ചിറ ഗവ.എച്ച്.എസ്.എസ്, അടൂർ ഗവ.ബോയ്സ് എച്ച്.എസ്.എസ്, മല്ലപ്പള്ളി ഗവ. വി.എച്ച്.എസ്, അടൂർ ഗവ.ഗേൾസ് എച്ച്.എസ്.എസ്, മണ്ണടി ജി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ്, പി.എച്ച്.എസ്.എസ് കുളനട എന്നിവിടങ്ങളിലാണ് മാ കെയർ പദ്ധതി നടപ്പാക്കിയത്. വിപണി വിലയിൽ നിന്ന് കുറഞ്ഞ വിലയിലാണ് സാധനങ്ങൾ വിൽക്കേണ്ടത്. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗങ്ങൾക്ക് തടയിടാനും പുറത്ത് നിന്നുള്ളവർ കുട്ടികളെ ഉപയോഗപ്പെടുത്തുന്നത് തടയാനും പദ്ധതി സഹായിക്കുമെന്നാണ് അധികൃതർ പറയുന്നത്.
പദ്ധതിയുടെ ലക്ഷ്യം
ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ, സ്‌കൂൾ സ്റ്റേഷനറി ഐറ്റങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം സ്‌കൂളുകൾക്കുള്ളിൽ തന്നെ ലഭ്യമാക്കുക. കുട്ടികൾക്ക് പുറത്തു നിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാർത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങൾ തടയുക, കുടുംബശ്രീ സംരംഭകർക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മാ കെയറിൽ ലഭ്യമായ സാധനങ്ങൾ
ചായ, ബിസ്ക്കറ്റ്, മറ്റ് ലഘുഭക്ഷണം, പാനീയം, മറ്റ് ഭക്ഷണങ്ങൾ, നാപ്കിൻ, നോട്ട്ബുക്ക്, പഠനോപകരണങ്ങൾ.
ജില്ലയിൽ 6 സ്കൂളുകളിൽ മാകെയർ പദ്ധതി തുടങ്ങി
ലഹരി സംബന്ധമായ നിരവധി കൂട്ടുകെട്ടുകൾ ആരംഭിക്കുന്നത് സ്കൂളിന് പുറത്തിറങ്ങി തേടുന്ന ബന്ധങ്ങളിൽ നിന്നാണ്. ഇത് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. അപകടങ്ങൾ സംഭവിക്കുന്നത് കുറയ്ക്കാം. വിലക്കുറവിലാണ് മാ കെയറിൽ സാധനങ്ങൾ നൽകുന്നത്.
അർജുൻ സോമൻ
എൻ.എഫ്.എൽ ജില്ലാ പ്രോഗ്രാം മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |