ആലപ്പുഴ : കുട്ടനാടൻ ജലപ്പരപ്പിലൂടെ പായുന്ന, എൻജിൻ ഉപയോഗിച്ച് സഞ്ചരിക്കുന്ന വള്ളങ്ങൾ അപകടഭീഷണിയാകുന്നു. ലൈസൻസില്ലാതെ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് കൂടുതൽ വള്ളങ്ങളും. ശക്തമായ കാറ്റുവന്നാൽ ഈ വള്ളങ്ങൾ മറിയുവാനുള്ള സാദ്ധ്യത ഏറെയാണ്.
കഴിഞ്ഞ ദിവസം വൈക്കത്ത് വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിന് സമാനമായി മുമ്പും നിരവധി അപകടങ്ങൾ ജില്ലയിലും സമീപ ജില്ലകളിലുമുണ്ടായിട്ടുണ്ട്. സുരക്ഷ ഇല്ലാതെ ആളുകളെ നിറച്ച് കൊണ്ടുപോകുന്ന വള്ളങ്ങളിൽ പരിശോധന നടക്കാറില്ലെന്ന ആക്ഷേപവുമുണ്ട്. വേമ്പനാട് കായലിലൂടെ നിരവധി വള്ളങ്ങളാണ് ഇത്തരത്തിൽ സഞ്ചരിക്കുന്നത്.
വെള്ളപ്പൊക്ക സമയത്ത് എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ആളുകൾ യാത്ര ചെയ്യുന്നത് പതിവാണ്. കൂടാതെ നെല്ലും നിർമ്മാണ സാമഗ്രികളും എത്തിക്കുന്നതിനും മത്യബന്ധനത്തിനുമെല്ലാം എൻജിൻ ഉപയോഗിച്ച വള്ളങ്ങളാണ് ഉപയോഗിക്കുന്നത് . ഈ വള്ളങ്ങൾ അമിത വേഗതയിൽ പായുന്നതാണ് അപകടത്തിലേക്ക് നയിക്കുന്നത്.
കായലുകളിലൂടെയും ആറുകളിലൂടെയും സഞ്ചരിക്കുന്ന എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിൽ പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാണ്.
ഹൗസ്ബോട്ടുകളിൽ മാത്രമാണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
പരിശോധന പേരിന് പോലുമില്ല
ചെറുവള്ളങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം
രജിസ്ട്രേഷൻ, ലൈസൻസ്, ഇൻഷ്വറൻസ് എന്നിവ നിർബന്ധമാക്കണം
വള്ളങ്ങളുടെ ശേഷി അനുസരിച്ച് യാത്രക്കാരെയും ചരക്കുകളും കയറ്റണം
ലൈഫ് ജാക്കറ്റുകളടക്കം സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കണം
ലൈഫ് ജാക്കറ്റോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ലൈസൻസോ ഇല്ലാതെയാണ് ഈ വള്ളങ്ങൾ സർവീസ് നടത്തുന്നത്. കയറ്റാവുന്നതിലുമധികം യാത്രക്കാരെയും സാധനങ്ങളുമായി സഞ്ചരിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും. കായലിലെ മരക്കുറ്റികൾ, വലിച്ചെറിയുന്ന കേബിളുകൾ എന്നിവയെല്ലാം അപകടത്തിലേക്ക് നയിക്കും
- പ്രദേശവാസികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |