തിരുവല്ല : വൈദ്യുതി മുടക്കം പതിവായ കുന്നന്താനം കിൻഫ്ര വ്യവസായ പാർക്കിൽ 33 കെ.വി സബ്സ്റ്റേഷന് ഭരണാനുമതിയായി. ഏറെക്കാലമായി പാർക്കിലെ വ്യവസായ സംരംഭകർ ആവശ്യപ്പെടുന്ന 33 കെ.വി സബ്സ്റ്റേഷൻ നിർമ്മിക്കുന്നതിന് 16.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു. വ്യവസായ മേഖലയായ കുന്നന്താനം കിൻഫ്ര വ്യവസായ പാർക്കിലും പരിസരപ്രദേശങ്ങളിലും വൈദ്യുതിയുടെ ആവശ്യകത കൂടിവരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ടതും തടസങ്ങളില്ലാത്തതുമായ വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് നിർദ്ദിഷ്ട പദ്ധതിയിലൂടെ സാധിക്കും.
മുൻപ് അനുമതി ലഭിച്ചിരുന്നെങ്കിലും സബ് സ്റ്റേഷന് സ്ഥലം ലഭിക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തത കാരണം പദ്ധതി നീണ്ടുപോയി. വ്യവസായ വകുപ്പിന് കീഴിലെ കിൻഫ്ര പാർക്കിലെ ഭൂമി സ്വന്തമായി വിട്ടുനൽകാം എന്ന വ്യവസ്ഥയിൽ പദ്ധതി ആസൂത്രണം ചെയ്തുവെങ്കിലും സ്ഥലം കൈമാറുന്നതിൽ നിയമതടസം നേരിട്ടു. തുടർന്ന് 60 വർഷത്തേക്ക് സെന്റിന് ഒരുരൂപ എന്ന നാമമാത്രമായ നിരക്കിൽ പാട്ടവ്യവസ്ഥയിൽ 76.50സെന്റ് സ്ഥലം വിട്ടുനൽകുന്നതിന് തീരുമാനിച്ചു. ഇതേതുടർന്നാണ് പുതുക്കിയ നിരക്കിലുള്ള എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ലഭിച്ചിട്ടുള്ളത്. തൃക്കൊടിത്താനത്തുള്ള 110 കെ വി സബ്സ്റ്റേഷനിൽ 33 കെ.വി ട്രാൻസ്ഫോർമറും ഫീഡറുകളും സ്ഥാപിച്ച് അതിൽ നിന്ന് 8 കി.മി ദൂരം 33 കെ.വി ലൈൻ വലിച്ച് ആവശ്യമായ സജ്ജീകരണങ്ങളോടെ സബ്സ്റ്റേഷൻ നിർമ്മിക്കാനാണ് പദ്ധതി.
പ്രതീക്ഷയോടെ വ്യവസായികൾ
നൂറിലധികം സ്ഥാപനങ്ങളാണ് കുന്നന്താനം വ്യവസായ പാർക്കിലുള്ളത്. കിൻഫ്രയുടേതിനൊപ്പം ജില്ലയിലെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളും സിഡ്കോയുടെ കീഴിലുള്ള സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും. കൃത്യമായി വൈദ്യുതി ലഭിക്കാത്തത് ഇവിടുത്തെ വലിയൊരു പ്രശ്നമാണ്. ഒരുദിവസം തന്നെ നിരവധി തവണ വൈദ്യുതി മുടങ്ങുന്നത് മൂലം വ്യവസായികൾ ഏറെ ബുദ്ധിമുട്ടുകയാണ്. ഇതുകാരണം മഴക്കാലത്ത് ഉൾപ്പെടെ മിക്കപ്പോഴും കമ്പനി പ്രവർത്തിപ്പിക്കാനാകില്ല. വ്യവസായ പാർക്കിന് സ്വന്തമായി സബ്സ്റ്റേഷൻ സ്ഥാപിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. മൂന്നുവർഷം മുമ്പ് മല്ലപ്പള്ളി സെക്ഷൻ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ ഇക്കാര്യം സാദ്ധ്യമാക്കുമെന്ന് വൈദ്യുതി മന്ത്രി ഉറപ്പുനൽകി. ഇതിനായി 50സെന്റ് സ്ഥലവും കെ.എസ്.ഇ.ബിക്കായി മാറ്റിയിട്ടിരുന്നു.
വ്യവസായ പാർക്കിൽ
സ്ഥാപനങ്ങൾ : 250,
തൊഴിലാളികൾ : 2000
ഏറെക്കാലമായുള്ള ആവശ്യത്തിന് സർക്കാർ ഭരണാനുമതി നൽകിയതിൽ അതീവ സന്തോഷവും നന്ദിയുമുണ്ട്. എത്രയുംവേഗം സബ് സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു
പ്രദീപ് ചന്ദ് , താലൂക്ക് പ്രസിഡന്റ്
(കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |