ചാരുംമൂട്: ഗ്രാമപഞ്ചായത്തിലുൾപ്പെടെ പരാതികൾ നൽകിയിട്ടും വെട്ടി മാറ്റാതിരുന്ന തെങ്ങ് വീണ് പരിക്കേറ്റ വിദ്യാർത്ഥിനി ചികിത്സയിൽ. അപകടത്തിൽ നിന്നും തലനാരിയ്ക്കായിരുന്നു 8-ാം ക്ലാസുകാരിയായ പെൺകുട്ടി രക്ഷപ്പെട്ടത്. തെങ്ങിന്റ് ആര് തറഞ്ഞ് കയറി മകളുടെ കണ്ണിന്റ് കൃഷ്ണമണിക്ക് പരിക്കുള്ളതായി രക്ഷിതാക്കൾ പറഞ്ഞു. വള്ളികുന്നം അമൃത ഹയർ സെക്കൻഡറി സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർത്ഥിനി വള്ളികുന്നം കാഞ്ഞിരത്തുംവീട്ടിൽ പടീറ്റതിൽ അബ്ദുൾ റഫീക്ക് - താഹിറ ദമ്പതികളുടെ മകൾ സഹദിയ(13)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ 20ന് രാവിലെ 11ന് വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ അടുത്ത പുരയിടത്തിൽ അപകടാവസ്ഥയിൽ നിന്നിരുന്ന തെങ്ങ് വീഴുകയായിരുന്നു. പരിക്കേറ്റ സഹദയയെ ആദ്യം നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മൂന്നു ദിവസത്തെ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും ശാരീരിക അവശതകളെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രവേശിപ്പിക്കേണ്ടി വന്നു. രണ്ടു ദിവസം ചികിത്സ തേടിയ ശേഷം തിരികെ വീട്ടിലെത്തിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ല. പൂർണ്ണ വിശ്രമം വേണ്ടതിനാൽ സ്കൂളിൽ പോകുവാനും കഴിയുന്നില്ല. സമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അയൽവാസിയാകട്ടെ കുട്ടിയെ കാണാൻ പോലും വന്നിട്ടില്ലെന്ന് രക്ഷകർത്താക്കൾ പറയുന്നു. ഭീഷണിയായി നിന്നിരുന്ന തെങ്ങ് വെട്ടി മാറ്റുന്നതിനായി വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ പരാതി നൽകിയിരുന്നു. വസ്തു ഉടമയ്ക്ക് ഒരു വർഷം മുമ്പ് പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നെങ്കിലും തെങ്ങ് വെട്ടിമാറ്റിയില്ല. പിന്നീട് ആർ.ഡി.ഒ,ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |