ചേലക്കര: വാട്‌സ്ആപ്പിലൂടെ ലഭിച്ച വ്യാജ ട്രാഫിക് ചലാൻ ലിങ്ക് വഴി സൈബർ തട്ടിപ്പിന് ഇരയായ ചേലക്കര സ്വദേശിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടു. വെങ്ങാനെല്ലൂർ പരക്കാട് നാവായത്ത് വീട്ടിൽ എൻ ബി.മനോജാണ് (37) തട്ടിപ്പിന് ഇരയായത്. കഴിഞ്ഞയാഴ്ചയാണ് തട്ടിപ്പ് നടന്നത്. എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മനോജ് ബൈക്ക് ഉപയോഗിക്കുന്നുണ്ട്. മനോജിന്റെ വാട്ട്‌സ്ആപ്പിലേക്ക് ട്രാഫിക് ചലാൻ എന്ന പേരിൽ ഒരു സന്ദേശം ലഭിച്ചു. കേരള മോട്ടോർ വാഹനവകുപ്പിന്റെ ലോഗോയും മറ്റും കണ്ടതിനാൽ ഇത് ഒറിജിനലാണെന്ന് തെറ്റിദ്ധരിച്ച മനോജ് സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. തുടർന്ന് സൈബർ തട്ടിപ്പുകാർ മനോജിന്റെ എറണാകുളം തൃക്കാക്കര ബ്രാഞ്ചിലുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടിലേക്ക് ജംബ് ലോൺ ക്രിയേറ്റ് ചെയ്ത പത്ത് ലക്ഷത്തി നാപ്പത്തി ആറായിരം രൂപ ലോണായി നിക്ഷേപം വന്നതായി മെസേജ് വന്നു. എന്നാൽ, അധികം വൈകാതെ ആ തുകയിൽ നിന്ന് രണ്ട് തവണകളായി അഞ്ച് ലക്ഷം രൂപയോളം തട്ടിപ്പുകാർ ഓൺലൈൻ വഴി പിൻവലിച്ചു. തട്ടിപ്പ് മനസ്സിലാക്കിയ മനോജ് സൈബർ സെല്ലിലും തുടർന്ന് ഇന്നലെ ചേലക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |