സ്‌കൂൾ അവധിക്കാലമാറ്റം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മുന്നോട്ടുവച്ച ആശയത്തോടെ വിദ്യാർത്ഥികൾക്കിടയിൽ സമിശ്രപ്രതികരണം. ചിലർ കടുത്ത ചൂടിൽ സ്‌കൂളിൽ പോകുന്നതും കളിക്കാനുള്ള അവസരം നഷ്ടമാകുന്നതും ചൂണ്ടികാണിക്കപ്പെടുമ്പോൾ മറ്റു ചിലർ മലക്കാലത്തെ ബുദ്ധിമുട്ടും തുറന്നു പറയുന്നു.
നിലവിലെ സമ്പ്രദായം തുടരണമെന്നാണ് അഭിപ്രായം. മദ്ധ്യവേനലവധി എന്നത് കുട്ടികളെ സംബന്ധിച്ച് പഠനത്തിന്റെ സമ്മർദ്ദത്തിൽ നിന്ന് ആസ്വദിക്കാൻ ലഭിക്കുന്ന കാലഘട്ടമണ്. കടുത്ത വേനലവധി കാലത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന സമയം കൂടിയാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ കാലവർഷം ശക്തമാകുന്ന സമയമായതിനാൽ വീടുകളിൽ കുട്ടികൾ ഇരുന്നാൽ അപകടസാദ്ധ്യതയും ഏറെയാണ്.
-എവിയ മാർട്ടിൻ, സെന്റ് തോമസ് കേളേജ് തൃശൂർ.
വേനൽക്കാലത്ത് ക്ലാസിൽ ഇരുന്ന് പഠിക്കുന്നതിന് വളരെ ബുദ്ധിമുട്ടാകും. ജൂൺ, ജൂലായ് മാസങ്ങളിൽ അവധി ലഭിച്ചാലും ആർക്കും കളിക്കാൻ പോലും സാധിക്കില്ല.
-ടി.എസ്.ദേവാംഗന, സെന്റ് ആൻസ് കോൺവെന്റ്, എടത്തിരുത്തി.
മഴക്കാലത്ത് സ്‌കൂളുകളിൽ പോകുന്നത് ഏറെ ദുഷ്‌കരമാണ്. ബസുകളിലും മറ്റും യാത്രയും പ്രയാസകരമാണ്. അതുകൊണ്ട് തന്നെ ഏപ്രിൽ, മേയ് മാസത്തിൽ നിന്നും ജൂൺ, ജൂലായ് മാസത്തിലേക്ക് മാറ്റാനുള്ള ആലോചന സ്വാഗതാർഹമാണ്.
-സ്വാതി സുരേന്ദ്രൻ, സെന്റ് ക്ലയേഴ്‌സ് തൃശൂർ.
സ്‌കൂൾ അവധിക്കാലം മാറ്റുന്നത് നല്ലതാണ്. മഴക്കാലത്തെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സാധിക്കും. ജൂൺ, ജൂലായ് എന്നത് ജൂലായ്, ഓഗസ്റ്റ് ആയാലും കുഴപ്പമില്ല.
വി.നയന മധു, ഒല്ലൂർ സെന്റ് റാഫൽ എച്ച്.എസ്.എസ്.
നല്ല ചൂടാണെങ്കിലും പഠനക്കാലം കഴിഞ്ഞ് കളിക്കാൻ ലഭിക്കുന്ന അവസരമാണ് നഷ്ടമാകുന്നത്. നല്ല ചൂടിൽ സ്‌കൂളിൽ പോകുന്നത് മഴക്കാലത്തേക്കാൾ പ്രശ്‌നമാണ്. അപൂർവ ദിവസങ്ങളിൽ മാത്രമാണ് ശക്തമായ മഴ ലഭിക്കുന്നത്.
-വി.എസ്.സാം, വിമലഗിരി പബ്‌ളിക് സ്‌കൂൾ കരുവാൻകാട്.
ജൂൺ, ജൂലായ് മാസങ്ങളിൽ ഞങ്ങൾക്ക് ലീവ് വേണ്ട. അടച്ചുപൂട്ടി വീട്ടിൽ ഇരിക്കേണ്ടി വരും. വേനൽക്കാലത്താണ് അവധിയെങ്കിൽ പുറത്തിറങ്ങാൻ പറ്റും, കളിക്കാൻ പറ്റും. മഴക്കാലമായാൽ പുറത്തിറങ്ങാനൊന്നും പറ്റില്ല.
-അഭിരാമി സനോജ്, കേന്ദ്രീയ വിദ്യാലയം, പുറനാട്ടുകര.
നിലവിലെ രീതി തന്നെയാണ് നല്ലത്. ഏറ്റവും കൂടുതൽ കുട്ടികൾ സ്‌പോർട്സ് രംഗത്തേക്കും മറ്റ് കലാരംഗത്തേക്കും എത്തുന്നത് ഈ കാലയളവിലെ പരിശീലനം കൊണ്ടാണ്. പുതിയ രീതി വന്നാൽ കുടുംബസമേതമുള്ള ഒരു യാത്രപോലും സാധിക്കില്ല.
-ജോഹൻ, എം.എ.എം.എച്ച്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ കൊരട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |