ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ചർച്ചയ്‌ക്കായി സഹകരിച്ച പ്രതിപക്ഷം ഇന്നലെ വീണ്ടും പാർലമെന്റിന്റെ ഇരു സഭകളും സ്‌തംഭിപ്പിച്ചു. വരും ദിവസങ്ങളിൽ പാർലമെന്റിന് വെളിയിൽ പ്രതിഷേധം ശക്തമാക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും 'ഇന്ത്യ' മുന്നണി തീരുമാനിച്ചു.
ബീഹാർ വോട്ടർ പട്ടിക വിഷയമുയർത്തി ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. യു.എസ് അധിക തീരുവ സംബന്ധിച്ച കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്‌താവന മാത്രമാണ് ഇന്നലെ നടന്ന കാര്യമായ നടപടി. ഇന്നലെ പാർലമെന്റിൽ ചേർന്ന യോഗത്തിലാണ് വരും ദിവസങ്ങളിൽ ബീഹാർ വോട്ടർ പട്ടിക വിഷയത്തിലെ പ്രതിഷേധം ശക്തമാക്കാൻ 'ഇന്ത്യ' മുന്നണി കക്ഷികൾ തീരുമാനിച്ചത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ,ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,ഡെറിക് ഒബ്രയാൻ(തൃണമൂൽ),ടി.ആർ. ബാലു, തിരുച്ചി ശിവ(ഡി.എം.കെ),രാംഗോപാൽ യാദവ്(എസ്.പി),സുപ്രിയ സുലെ(എൻ.സി.പി),ജോൺ ബ്രിട്ടാസ്(സി.പി.എം),പി. സന്തോഷ് കുമാർ(സി.പി.ഐ) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |