നെഹ്റു ട്രോഫി പരിശീലന തുഴച്ചിൽ തുടങ്ങി
കോട്ടയം : നെഹ്റു ട്രോഫി നേടുക എന്ന ലക്ഷ്യവുമായി ജില്ലയിൽ നിന്ന് പുന്നമട പോരിനിറങ്ങുന്നത് മൂന്ന് ചുണ്ടനുകൾ. ജില്ലയിലെ ജനപ്രിയ ക്ലബായ കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാട് പുത്തൻചുണ്ടനിലാണ് മത്സരത്തിനിറങ്ങുന്നത്. ക്ലബ് പഴയ പായിപ്പാട് ചുണ്ടനിൽ ദിവസങ്ങൾക്ക് മുമ്പ് പരിശീലനം തുടങ്ങി. കുമരകത്തിന്റെ സ്വന്തം ചുണ്ടനായ നടുവിലേപ്പറമ്പനിൽ (പഴയ ഇല്ലിക്കളം ) പുതുതായി രൂപീകരിച്ച ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയെറിയും. ചങ്ങനാശേരി ബോട്ട് ക്ലബ്ബ് പഴയ പടക്കുതിരയായ ചമ്പക്കുളം ചുണ്ടനിലാണ് 30 ന് നടക്കുന്ന മത്സരത്തിന് കച്ചമുറുക്കുന്നത്. ആറ് തവണ നെഹ്റുട്രോഫി നേടിയ ചരിത്രമാണ് ടൗൺ ബോട്ട് ക്ലബിന്റേത്. 2010ൽ ജവഹർ തായങ്കരിയിലാണ് ക്ലബ് അവസാനമായി ട്രോഫി നേടിയത്. ചങ്ങനാശേരി ബോട്ട് ക്ലബ് രണ്ടാം തവണയാണ് മത്സരത്തിനിറങ്ങുന്നത്. സണ്ണി ഇടിമണ്ണിക്കലാണ് ക്യാപ്ടൻ. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് ആദ്യമായാണ് നെഹൃട്രോഫിയിൽ പങ്കെടുക്കുന്നത്.
ഒരു മാസത്തെ പരിശീലനം
ഒരുമാസം നീണ്ട പരിശീലനമാണ് ടൗൺ ബോട്ട് ക്ലബ് നടത്തുന്നത്. തുഴച്ചിൽകാരുടെ ശാരീരികക്ഷമത പരിശോധിച്ച് 125 പേരെ നെഹ്റുട്രോഫിക്കും ബോട്ട് ലീഗ് മത്സരത്തിനുമായി തിരഞ്ഞെടുത്തിരുന്നു. കുമരകം എസ്.കെ.എം ഗ്രൗണ്ടിലാണ് ഫിസിക്കൽ പ്രാക്ടീസ്.
ഒരു കോടിയുടെ ബഡ്ജറ്റ്
നെഹ്റുട്രോഫി പരിശീലനത്തിന് ഒരു കോടി എട്ടു ലക്ഷം രൂപയാണ് ടൗൺ ബോട്ട് ക്ലബിന്റെ ബഡ്ജറ്റ്. ക്ലബിന് 24 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. ഇമ്മാനുവൽ ബോട്ട് ക്ലബും ചങ്ങനാശേരി ബോട്ട് ക്ലബും ലക്ഷങ്ങൾ ചെലവഴിച്ചാണ് മത്സരത്തിനൊരുങ്ങുന്നത്.
ചമ്പക്കുളം മൂലം വള്ളംകളിയിൽ എ ഗ്രേഡ് വെപ്പുവള്ളങ്ങളുടെ വിഭാഗത്തിൽ അമ്പലക്കടവനിൽ ഒന്നാമതെത്തിയ ആവേശത്തിലാണ് തുഴച്ചിലുകാർ. നെഹ്റുട്രോഫിക്കായി പുന്നമടയിൽ ഏറെ പ്രതീക്ഷയോടെയാണ് ടീമിറങ്ങുന്നത്.
വി.എസ്. സുഗേഷ് (കുമരകം ടൗൺബോട്ട് ക്ലബ്ബ് പ്രസിഡന്റ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |