മാനുഷരെല്ലാരുമൊന്നുപോലെ എന്ന മഹനീയ സന്ദേശം ലോകത്തിനു സമ്മാനിച്ച മലയാളികളുടെ ദേശീയോത്സവമാണ് ഓണം. മറ്റെല്ലാ ഭിന്നതകളും ഇല്ലായ്മകളും മറന്ന് ആനന്ദം പങ്കിടുന്ന മനസുകളുടെ ഉത്സവം കൂടിയാണത്. പണ്ടുകാലം മുതലേ ഏതുവിധേനയും അതിനു പൊലിമ കൂട്ടാൻ മലയാളികൾ മത്സരിച്ചിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം തുടങ്ങിയ ചൊല്ലുകൾ അങ്ങനെ പിറന്നതാണ്. രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറിയിട്ടും ഓണത്തിന്റെ പരമ്പരാഗതമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഇന്നും കാര്യമായ മാറ്റം വന്നിട്ടില്ല.
ഓണത്തിന്റെ മാറ്റു കുറയാതിരിക്കാൻ പലവിധത്തിലുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കാറുണ്ട്. ഭക്ഷ്യ - സിവിൽ സപ്ളൈസ്, ടൂറിസം വകുപ്പുകൾ ഇക്കാര്യത്തിൽ സജീവ ശ്രദ്ധയും ആസൂത്രണവും പുലർത്താറുണ്ട്. ഇത്തവണ ആറുലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റു നൽകുമെന്ന് ഭക്ഷ്യ - സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണച്ചന്തകൾ ആഗസ്റ്റ് 25ന് തുടങ്ങും. ജില്ലാ കേന്ദ്രങ്ങൾക്ക് പുറമെ 140 മണ്ഡലങ്ങളിലും ഓണച്ചന്തകൾ പ്രവർത്തിക്കുമെന്നും മന്ത്രി സൂചിപ്പിച്ചിട്ടുണ്ട്. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 25ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മറ്റു ജില്ലാ കേന്ദ്രങ്ങളിൽ 26നും 27നുമായി ഓണച്ചന്തകൾ പ്രവർത്തിച്ചു തുടങ്ങും.
തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലവർദ്ധനയാണ് സാധാരണക്കാരെ ഏറെ വലയ്ക്കുന്നത്. അക്കാര്യത്തിൽ സിവിൽ സപ്ളൈസ് വകുപ്പ് ആശ്വാസം പകരുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓണക്കാലത്ത് സപ്ളൈകോ വഴി ശബരി ബ്രാൻഡിൽ സബ്‌സിഡിയായും അല്ലാതെയും വെളിച്ചെണ്ണ വിതരണം ചെയ്യുമെന്നതാണ് അതിൽ മുഖ്യം. സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 349 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. അരലിറ്ററിന് 179 രൂപ. സബ്‌സിഡി ഇല്ലാത്ത വെളിച്ചെണ്ണയ്ക്ക് 429 രൂപ. അരലിറ്റർ 219 രൂപയ്ക്കും നൽകും. വൻപയർ, പരിപ്പ് എന്നിവയുടെ സബ‌്‌സിഡി വിലയും കുറച്ചിട്ടുണ്ട്. വൻപയറിന്റെ വില കിലോയ്ക്ക് 75 രൂപയിൽ നിന്ന് 70 രൂപയാക്കി. തുവരപ്പരിപ്പ് 105 രൂപയിൽ നിന്ന് 93 രൂപയാക്കി. അരി വില വർദ്ധിക്കാതിരിക്കാനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഓണത്തിന് പിങ്ക് കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോ അരി കൂടി 10.90 രൂപയ്ക്ക് വിതരണം ചെയ്യും. മഞ്ഞ കാർഡുകാർക്ക് ഒരു കിലോ പഞ്ചസാരയും വിതരണത്തിനെത്തിക്കും. സപ്ളൈകോ വില്പനശാലകളിലൂടെ റേഷൻ കാർഡുടമകൾക്ക് 20 കിലോ പച്ചരി / പുഴുക്കലരി കിലോയ്ക്ക് 25 രൂപയ്ക്ക് ലഭ്യമാക്കും. തുണിസഞ്ചി അടക്കം 15 ഭക്ഷ്യസാധനങ്ങളടങ്ങിയ ഓണക്കിറ്റ് ആഗസ്റ്റ് 18 മുതൽ സെപ്തംബർ നാലുവരെ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
ഓണക്കാലത്ത് പരാതികളും പരിദേവനങ്ങളും ഉയരാറുണ്ട്. അതിലേറെയും വിലക്കയറ്റ ഭീഷണി, റേഷൻ വിതരണം എന്നിവയുമായി ബന്ധപ്പെട്ടതായിരിക്കും. അതു മുന്നിൽക്കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരും മന്ത്രി ജി.ആർ. അനിലും കൈക്കൊണ്ട നടപടികൾ അഭിനന്ദനമർഹിക്കുന്നു. വിലക്കയറ്റം പിടിച്ചുനിറുത്താൻ മന്ത്രി അനിൽ പ്രഖ്യാപിച്ച നടപടികൾ ഉതകുമെന്ന് പ്രത്യാശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |