പ്രമാടം : മഴമാറിയെത്തിയ വെയിൽ കണ്ട് ചീരവിത്ത് വിതച്ച കർഷകരുടെ സ്വപ്നങ്ങൾ മഴ കൊണ്ടുപോയി. ആഴ്ചകളായി പെയ്ത തോരാമഴ മാറി കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും വെയിൽ ഉറച്ചത്. ഇനി ഉടനെ മഴ പെയ്യില്ലെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം കർഷകരും ചീരവിത്ത് പാകിയത്. ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഒലിച്ചുപോവുകയും വെള്ളക്കെട്ടിലാവുകയും ചെയ്തു.പന്നിക്കൂട്ടങ്ങളും വേഴാമ്പലുകളും കാരണം മറ്റ് കൃഷികൾക്ക് രക്ഷയില്ല. ചീരയാകുമ്പോൾ ഒരുമാസം കൊണ്ട് വിളവെടുക്കുകയും മുടക്കുമുതലും ലാഭവും നേടുകയും ചെയ്യാം. തോരാമഴ കാരണം ചീരകൃഷി മാസങ്ങളായി പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വെയിൽ വന്നത് കണ്ട് കർഷകർ വിത്ത് പാകിയത്. ചീരകൃഷിക്ക് കൃഷി വകുപ്പിൽ നിന്ന് നഷ്ടപരിഹാരവും ലഭിക്കില്ല.
കടുത്ത ചൂടും ഇടവിട്ടുള്ള മഴയും കാരണം കഴിഞ്ഞ ഒരു വർഷമായി ചീരക്കർഷകർ പ്രതിസന്ധിയിലാണ്. വേനൽക്കാലത്ത് വെള്ളംകോരിയും ഗ്രീൻ നെറ്റ് ഉപയോഗിച്ച് പടുതയിട്ടുമൊക്കെയാണ് ചീരകൃഷി ചെയ്തിരുന്നത്. ഒരു പിടി ചീരയ്ക്ക് അൻപത് രൂപ ലഭിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏക്കറ് കണക്കിന് സ്ഥലത്തെ ചീരയാണ് ചൂടും മഴയും കാരണം പലപ്പോഴായി നശിച്ചത്.
രോഗംവന്നും നഷ്ടം
വേനലിന് ഇടയിൽ പെയ്ത മഴയെ തുടർന്ന് പുള്ളിരോഗം വന്നും ചീരകൃഷി വ്യാപകമായി നശിച്ചു. അന്ന് കർഷകർ ലാഭം നോക്കാതെ ചീര കൂട്ടത്തോടെ പിഴുത് വിറ്റെങ്കിലും പലർക്കും മുടക്കുമുതൽ പോലും ലഭിച്ചിരുന്നില്ല. വേനൽ സമയത്ത് രാവിലെ വെള്ളം ഒഴിച്ചാൽ വെയിൽ ഉറയ്ക്കുന്നതോടെ ചീര വാടി വീഴും. ഇത്തരം ചീരകൾ വാങ്ങാൻ ആളുകൾ തയ്യാറാകില്ല. വൈകിട്ട് വീണ്ടും വെള്ളം ഒഴിച്ച ശേഷമാണ് വില്പനയ്ക്കുള്ള ചീര തയ്യാറാക്കിയിരുന്നത്. ഇപ്പോൾ എല്ലാ ദിവസങ്ങളിലും മഴ ചെയ്യുന്നതിനാൽ കഴിഞ്ഞ മൂന്ന് മാസമായി കർഷകർ ചീരകൃഷി ഇറക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ വെയിൽ കണ്ടതോടെയാണ് സമീപ ജില്ലകളിൽ വരെ പോയി വിത്ത് വാങ്ങിക്കൊണ്ട് വന്ന് വിതച്ചത്. വിതച്ച വിത്തുകൾ ഒഴുകിപ്പോവുകയും തടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തതോടെ ഒരുപിടി ചീരപോലും ലഭിക്കില്ലെന്ന് കർഷകർ പറയുന്നു.
ഒരു കിലോ ചീരവിത്തിന്റെ വില- 1200 മുതൽ 1500 രൂപ വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |