തിരുവനന്തപുരം: 'ഉള്ളൊഴുക്കി'ലെ ലീലാമ്മയിലൂടെ ഉർവശിയെ വീണ്ടെടുത്തു തരികയായിരുന്നു സംവിധായകൻ ക്രിസ്റ്റോ ടോമി.
ഒരേ സമയം നായികയും പ്രതിനായികയുമാണ് ലീലാമ്മ. വിധവയാണവർ. മകൻ രോഗിയും. മരുമകളുമായി അത്മസംഘർഷത്തിലേർപ്പെടുമ്പോഴും അവളെ ചേർത്തുപിടിക്കാനും ശ്രമിക്കുന്നു. മറ്റേതൊരു അഭിനേത്രിയും പതറിപോകുന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ ഉർവശി പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ദേശീയ അവാർഡിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചപ്പോൾ 'ഉള്ളൊഴുക്ക്' മികച്ച മലയാള സിനിമയായി. ജൂറിക്കു മുന്നിലെത്തിയ മറ്റ് അഭിനേത്രിമാരുടെ അഭിനയവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച നടിയാകേണ്ടിയിരുന്നത് ഉർവശിയായിരുന്നുവെന്ന് 'ഉള്ളൊഴുക്കി'ന്റെ ചൂട് അനുഭവിച്ചവർക്ക് വ്യക്തമാകും. ഇതാദ്യമായല്ല, ഉർവശി ദേശീയ അവാർഡിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. 2006ൽ 'അച്ചുവിന്റെ അമ്മ'യിലെ അഭിനയത്തിന് ലഭിച്ച ദേശീയ അവാർഡും സഹനടിക്കുള്ളതായിരുന്നു. അന്ന് ജൂറി അംഗമായിരുന്ന ബി.സരോജാദേവി ഉർവശിയാണ് മികച്ച നടിയെന്ന് വാദിച്ചു. മറ്റ് ജൂറി അംഗങ്ങൾ ചിത്രത്തിൽ നായിക ഉർവശിയല്ലന്ന വാദം മുന്നോട്ടു വച്ചു. അച്ചുവല്ല, അച്ചുവിന്റെ അമ്മയാണ് കേന്ദ്രകഥാപാത്രമെന്ന് സരോജദേവി വാദിച്ചെങ്കിലും മറ്റെല്ലാവരും വാദിച്ച കങ്കണ റണൗട്ട് (തനു വെഡ്സ് മനു റിട്ടേൺ) മികച്ച നടിയായി. അവാർഡ് വാങ്ങാനെത്തിയ ഉർവശിയോട് സരോജാദേവി തന്നെയാണ് ജൂറിയിലുണ്ടായ തർക്കം പറഞ്ഞത്.
ഇപ്പോഴും ഉർവശിയോട് പ്രിയപ്പെട്ടവർ പറയുന്നതും വേറൊന്നല്ല. 'രണ്ട് മികച്ച നടിമാർക്ക് അവാർഡ് പങ്കുവയ്ക്കാമെന്നിരിക്കെ അതിൽ ഉർവശി എങ്ങനെ സഹനടിയായി? ഒരു സഹകഥാപാത്രമല്ലല്ലോ ചെയ്തത്. മുഴനീള ലീഡ് റോളാണ് ചെയ്തത്.'
അഞ്ചു തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും (തുടർച്ചയായി മൂന്നു തവണ) രണ്ട് തവണ തമിഴ്നാട് സർക്കാരിന്റെ പുരസ്‌കാരവും ഉർവശി നേടിയിട്ടുണ്ട്. എന്നിരുന്നാലും രണ്ടായിരത്തിനു ശേഷം ഉർവശിയുടെ വിസ്മയ പ്രകടനങ്ങൾ കുറവായിരുന്നു. അവിടെയാണ് വെല്ലുവിളിയായി ലീലാമ്മയെ ക്രിസ്റ്റോ ടോമി നൽകിയത്. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ നെറ്റ്ഫ്ളിക്സ് സീരിസിലൂടെയും ശ്രദ്ധേയനായ ക്രിസ്റ്റോയുടെ ആദ്യത്തെ ഫീച്ചർ സിനിമയാണ് ഉള്ളൊഴുക്ക്.
സന്തോഷമെങ്കിലും ചിലത് പറഞ്ഞ് ഉർവശി
''ഉള്ളൊഴുക്കിന് പുരസ്കാരം കിട്ടിയതിൽ സന്തോഷം. അതിലേറെ സന്തോഷം ഏറ്റവും പ്രിയപ്പെട്ട വിജയരാഘവന് അവാർഡ് കിട്ടിയത് വൈകിയാണെങ്കിലും സന്തോഷം'' ഇങ്ങനെയായിരുന്നു ഉർവശിയുടെ ആദ്യപ്രതികരണം.
അവാർഡിനായി ശ്രമിക്കുകയോ അവാർഡിനായി അഭിനയിക്കാനോ ഒരു കാലത്തും ഞാൻ ശ്രമിച്ചിട്ടില്ല. അഭിനയിക്കുന്ന സിനിമകൾ ഓടുന്ന സിനിമയായിരിക്കണേ എന്നാണ് ആഗ്രഹിക്കുന്നത്. പ്രധാന വേഷം ചെയ്ത എനിക്ക് സഹനടിക്കുള്ള അവാർഡാണോ ലഭിക്കേണ്ടത് നടിക്കുള്ള പുരസ്കാരമല്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. അച്ചുവിന്റെ അമ്മ എന്ന കേന്ദ്രകഥാപാത്രത്തിനും ലഭിച്ചത് സഹനടിക്കുള്ള പുരസ്കാരമായിരുന്നു. ഇതിനകത്തെ രാഷ്ട്രീയം എനിക്കറിയില്ല. അങ്ങനെയൊരു ലോബിക്കകത്ത് ഞാൻ പെട്ടിട്ടില്ല. ഒന്നും പ്രതീക്ഷിക്കാതെ കിട്ടിയ അവാർഡിൽ സന്തോഷം മാത്രം. ക്രിസ്റ്റോയ്ക്ക് നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു- ഉർവശി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |