ഓവല്‍ (ലണ്ടന്‍): ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക് മുന്നേറുന്നു. മൂന്നാം ദിവസം ഓപ്പണര്‍ യശസ്വി ജയ്‌സ്‌വാളിന്റെ സെഞ്ച്വറി കരുത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ലീഡ് 200 കടന്നു. മൂന്നാം ദിനം 75ന് രണ്ട് എന്ന നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യക്ക് വേണ്ടി നൈറ്റ് വാച്ച്മാനായി എത്തിയ പേസര്‍ ആകാശ് ദീപ് അര്‍ദ്ധ സെഞ്ച്വറി നേടി. 94 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളുടെ അകമ്പടിയോടെ 66 റണ്‍സ് നേടിയ ശേഷമാണ് താരം പുറത്തായത്.
പിന്നീടെത്തിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (11) റണ്‍സ് നേടി പുറത്തായി. ഗസ് അറ്റ്കിന്‍സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഗില്‍ പുറത്തായത്. കരുണ്‍ നായര്‍ 9(17) റണ്‍സ് നേടി പുറത്തായി. രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്‌വാള്‍ എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്. കഴിഞ്ഞ ദിവസം ഓപ്പണര്‍ കെഎല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 224 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മറുപടി 247 റണ്‍സില്‍ അവസാനിച്ചിരുന്നു.
രണ്ടര ദിവസത്തെ കളി ബാക്കി നില്‍ക്കെ പരമാവധി ലീഡ് നേടി ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനാകും ഇന്ത്യ ശ്രമിക്കുക.നിലവില്‍ ഇംഗ്ലണ്ടാണ് പരമ്പരയില്‍ 2-1ന് മുന്നിട്ട് നില്‍ക്കുന്നത്. ആദ്യത്തേയും മൂന്നാമത്തേയും ടെസ്റ്റ് ഇംഗ്ലണ്ടും രണ്ടാം ടെസ്റ്റ് ഇന്ത്യയും വിജയിച്ചപ്പോള്‍ മാഞ്ചസ്റ്ററിലെ നാലാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |