കോട്ടയം : പുതിയ ഉച്ചഭക്ഷണമെനു ചില സ്കൂളുകളിൽ നടപ്പാക്കി. ചിലയിടങ്ങളിൽ ഇന്ന് നിലവിൽ വരും. എന്നാൽ ഫണ്ട് പരിഷ്കരിക്കാതെ എത്ര ദിവസം മുന്നോട്ടു പോകുമെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം ലെമൺ റൈസ് ഉൾപ്പെടെ തയ്യാറാക്കാൻ പലരും പഠിച്ചു തുടങ്ങുന്നേയുള്ളൂ. ''കൈയിൽ കാശുള്ള പ്രധാനാദ്ധ്യാപകർക്ക് വലിയ പ്രശ്നമുണ്ടാവില്ല'' ജില്ലയിലെ ഒരു സ്കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിയിലുള്ള അദ്ധ്യാപികന്റെ വാക്കാണിത്. കുട്ടികളുടെ എണ്ണം കൂടിയ സ്കൂളുകളിൽ പണം വില്ലനാകുമ്പോൾ കൂലി കൂട്ടാത്തതിൽ പാചകത്തൊഴിലാളികളും ഉടക്കിലാണ്. പ്രധാനാദ്ധ്യാപകർ സ്വന്തം നിലയ്ക്ക് പണം നൽകിയാണ് പല സ്‌കൂളുകളിലും വിഭവങ്ങൾ വാങ്ങുന്നത്. പലപ്പോഴും ഒരു മാസം കഴിഞ്ഞൊക്കെയാണ് സർക്കാരിൽ നിന്ന് ഫണ്ട് പാസാകുന്നത്. അതുവരെ സ്‌കൂളുകൾ മുട്ടയും പാലും പച്ചക്കറിയുമുൾപ്പെടെ പണം നൽകി വാങ്ങണം.
എൽ.പിയിൽ ഒരു കുട്ടിയ്ക്ക് 6.78 രൂപയും, യു.പിയിൽ 10.17 രൂപയുമാണ് നൽകുന്നത്. ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകുന്നുണ്ട്. അവശ്യസാധനങ്ങളുടെ വിലവർദ്ധനവ് ചെലവ് വർദ്ധിപ്പിച്ചു.
സന്തോഷത്തിലല്ല തൊഴിലാളികൾ
കൂലി മുടങ്ങുന്നതും കൂലി കൂട്ടാത്തതും ഒരു പോലെ പാചകത്തൊഴിലാളികളെ വലയ്ക്കുന്നു. പ്രതിഷേധത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് കൂലി കിട്ടിയത്. ചില വിഭവങ്ങൾ ഉണ്ടാക്കാനുള്ള പ്രയാസവും ബുദ്ധിമുട്ടിക്കുന്നു. യൂ ട്യൂബ് നോക്കി പഠിക്കുന്നവരുമുണ്ട്. പാചകത്തൊഴിലാളികളിലേറെയും പ്രായമായവരാണ്.
ഉയരുന്ന പ്രതിസന്ധി
വിഹിതം പോരെന്ന നിലപാടിൽ അദ്ധ്യാപകർ
പച്ചക്കറിയുടേയും വെളിച്ചെണ്ണയുടേയും വിലക്കയറ്റം
സമയത്ത് കൂലി കിട്ടാത്ത പാചക തൊഴിലാളികൾ
തൊഴിലാളികളുടെ കൂലി വർദ്ധനവ് നടപ്പാക്കാത്തത്
കുട്ടികൾക്കാനുപാതികമായി തൊഴിലാളികളില്ല
സ്കൂൾ ഭക്ഷണ മെനു മാറ്റിയത് നല്ലതാണ്. എന്നാൽ ജയിലിൽ ഒരിക്കലെങ്കിലും ഭക്ഷണച്ചെലവ് മുടങ്ങിയതായി നമ്മൾ കേട്ടിട്ടില്ല. എന്നാൽ സ്കൂളുകളിലോ.
മനീഷ് മോഹൻ, വിവരാവകാശ പ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |