തൃശൂർ: രാജ്യം ഭരിക്കുന്നത് തിരഞ്ഞെടുപ്പുകൾ വിജയിക്കാൻ എന്തും ചെയ്യുന്നവരാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ ബി.ജെ.പിയുടെ നേരവകാശികളായ സി.പി.എം കേരളത്തിലെ വോട്ടർ പട്ടികയിൽ കള്ളത്തരങ്ങളും നടത്തുന്നുണ്ട്. ഇത് ഇവർക്ക് ദേശീയ നാണക്കേടുണ്ടാക്കും. ഇരകൾക്കൊപ്പം ഓടുകയും വേട്ടപ്പട്ടിക്കൊപ്പം നിൽക്കുകയും ചെയ്യുന്ന നിലപാടാണ് ബി.ജെ.പിയുടേത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടത്. കന്യാസ്ത്രീകളുടെ അറസ്റ്റ് സംബന്ധിച്ച കേസ് എൻ.ഐ.എക്ക് നൽകിയതിന്റെ യുക്തി അറിയുന്നത് അമിത് ഷായ്ക്ക് മാത്രമാണ്.
കമ്യൂണിസ്റ്റുകാരൻ വിചാരിക്കുന്നത് എന്ത് ചെയ്തും കോൺഗ്രസ് അധികാരത്തിൽ വരാൻ പാടില്ല എന്നാണ്. ബി.ജെ.പിക്ക് വേണ്ടതും അത് തന്നെ. ഇവർ എത്ര പരിശ്രമിച്ചാലും 2026ൽ കേരളം ഭരിക്കുന്നത് യു.ഡി.എഫ് ആയിരിക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. നേതാക്കളായ എ.പി. അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ടി. സിദിഖ്, റോജി എം. ജോൺ, തേറമ്പിൽ രാമകൃഷ്ണൻ, ടി.എൻ പ്രതാപൻ, ടി.യു. രാധാകൃഷ്ണൻ, ഒ. അബ്ദു റഹ്മാൻ കുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, രമ്യ ഹരിദാസ്, കെ.കെ. കൊച്ചുമുഹമ്മദ്, എം.പി. ജാക്‌സൺ, ജോസഫ് ചാലിശ്ശേരി, കെ.കെ. ബാബു, അഡ്വ. വി. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |