ചേർത്തല: ദൂരൂഹസാഹചര്യത്തിൽ കാണാതായ സ്ത്രീകളെകുറിച്ചുള്ള അന്വേഷണത്തിൽ പ്രതിയായ സെബാസ്റ്റ്യന് വർഷങ്ങൾക്കു മുമ്പേ ലോക്കൽ പൊലീസിന്റെ സഹായം ലഭിച്ചതായി
ആക്ഷേപമുണ്ട്. കടക്കരപ്പള്ളി സ്വദേശി ബിന്ദുപത്മനാഭൻ തിരോധാനം കത്തിക്കയറിയ ഘട്ടത്തിൽ നടന്ന അന്വേഷണത്തിൽ അട്ടിമറികൾ നടന്നതായി പറയുന്നു. ഇത് സംബന്ധിച്ച്
അന്വേഷണമാവശ്യപ്പെട്ട് കർമ്മസമിതി ഭാരവാഹികൾ മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികാരികൾക്കു പരാതി നൽകിയിട്ടുണ്ട്.കേസിൽ പിടിയിലായ സെബാസ്റ്റ്യനെ 'നിഷ്‌കളങ്കനാക്കി'യായിരുന്നു പൊലീസ് അന്വേഷണം. ഇതിനു പിന്നിൽ അന്വേഷണത്തിന് ചുക്കാൻ പിടിച്ചിരുന്നവരും ജില്ലയിലെ ഉന്നത പൊലീസ് അധികാരികളായിരുന്നെന്നാണ് കർമ്മസമിതി നൽകിയ പരാതിയിൽ പറയുന്നത്. ചേർത്തല സ്വദേശി അയിഷയെ കാണാതായ സംഭവം അന്ന് സജീവമായെങ്കിലും ഗൗരവമായി പരിഗണിച്ചിരുന്നില്ല. സെബാസ്റ്റ്യന്റെ സന്തത സഹചാരിയായിരുന്ന ഓട്ടോ ഡ്രൈവർ മനോജിന്റെ മരണത്തിലും ഇതേ ഒളിച്ചുകളി പൊലീസ് നടത്തിയതായും പരാതിയുണ്ട്.
വിരമിച്ച ഉദ്യോഗസ്ഥരും ഇക്കാര്യങ്ങൾ രഹസ്യമായി സമ്മതിക്കുന്നുണ്ടെന്ന് കർമ്മസമിതി ചെയർമാൻ കെ.ആർ. രൂപേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |