അമ്പലപ്പുഴ : അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്ററിന്റെ തൊട്ടടുത്തായുള്ള മെഡിക്കൽ ഓഫീസറുടെ ക്വാർട്ടേഴ്സ് സാമൂഹ്യ വിരുദ്ധരുടേയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി മാറി. കഴിഞ്ഞ കുറേ മാസങ്ങളായി ഇവിടെയാരും താമസിക്കാനില്ലാതായതോടെയാണ് നാടോടികളടക്കം കെട്ടിടം കൈയടക്കിയത്.
മദ്യപാനവും ബഹളവുമായി ഇവിടെ തമ്പടിക്കുന്നവരെ ഭയന്ന് സമീപത്തെ റോഡിലൂടെ യാത്ര ചെയ്യാൻ പോലും സ്ത്രീകൾ ഭയക്കുന്നു. ലക്ഷങ്ങൾ ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിന്റെ മുകളിലായി ട്രസ് വർക്ക് ചെയ്ത ഭാഗവുമുണ്ട്. ഇവിടെയാണ് രാത്രികാലങ്ങളിൽ മദ്യപാനമുൾപ്പടെ അരങ്ങേറുന്നത്. ആശുപത്രിയുടെ തൊട്ടടുത്തായുള്ള കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായിട്ടും ആരോഗ്യവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പൊലീസ് പരിശോധനയും ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
ചുറ്റുമതിൽ പുനർനിർമ്മിച്ചില്ല
ദേശീയപാത വികസനത്തിന്റെ ഭാഗമായി ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ പൊളിച്ചിട്ട് പുനർനിർമ്മിച്ചില്ല
ഇതോടെ അന്യസംസ്ഥാനക്കാരടക്കമുള്ള സാമൂഹ്യവിരുദ്ധർ കെട്ടിടം താവളമാക്കിയിരിക്കുകയാണ്
ട്രസ് വർക്ക് ചെയ്ത മുകൾഭാഗത്ത് രാത്രികാലങ്ങളിൽ മദ്യപാനവും ബഹളവും പതിവാണ്
അമ്പലപ്പുഴ പൊലീസ് സ്റ്റേഷന്റെ വിളിപ്പാടകലെയായാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്
പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഫലം ഉണ്ടായിട്ടില്ല. പുലർച്ചെ 3.30 നും 4 നും നിർമ്മാല്യ ദർശനത്തിനായി ക്ഷേത്രങ്ങളിലേക്ക് പോകുന്ന സ്ത്രീകൾ ഭയത്തോടെയാണ് ഇതുവഴി കടന്നു പോകുന്നത്
- വി.ഉത്തമൻ, സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം കോമന 3715 -ാം നമ്പർ ശാഖ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |