കൊച്ചി: മലയാളക്കരയുടെ സ്വകാര്യ അഹങ്കാരം പ്രൊഫ.എം.കെ. സാനുവിന് കൊച്ചി നഗരം വിടചൊല്ലി. ചേർത്തലയിൽ നിന്നെത്തി പതിറ്റാണ്ടുകൾ കൊച്ചിയിൽ താമസിച്ച അദ്ദേഹത്തിന് രവിപുരം ശ്‌മശാനത്തിലാണ് അന്ത്യനിദ്ര ഒരുക്കിയത്. ഇന്നലെ വൈകിട്ട് 4.35ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ സാംസ്കാരിക കേരളം പ്രിയപ്പെട്ട സാനുവിനെ യാത്രായാക്കി.
1956 മുതൽ 1983വരെ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായും 1987- 91കാലത്ത് എം.എൽ.എയായും, വിദ്യാർത്ഥി ജീവിതം മുതൽ കഴിഞ്ഞ ഒരാഴ്ച മുമ്പുവരെ സാമൂഹ്യ സാഹിത്യ സാംസ്കാരിക മേഖലകളിലെ സാന്നിദ്ധ്യവുമായിരുന്നു അദ്ദേഹം. തലമുറകളുടെ അദ്ധ്യാപകനെ അവസാനമായി കാണാൻ ശിഷ്യരും ബന്ധുക്കളും അയൽവാസികളും രാഷ്ട്രീയ സാംസ്കാരിക പ്രമുഖരുമടക്കം നൂറുകണക്കിന് പേരാണ് ഇന്നലെ രാവിലെ മുതൽ കാരിക്കാമുറി ആശാരി ലെയിനിലെ വസതിയിലും പൊതുദർശനത്തിന് വച്ച എറണാകുളം ടൗൺ ഹാളിലും ഒഴുകിയെത്തിയത്. രാവിലെ 10.20ന് ടൗൺഹാളിൽ പൊതുദർശനം തുടങ്ങിയതുതന്നെ മന്ത്രിമാരായ വി.എൻ. വാസവൻ, എം.ബി. രാജേഷ്, കെ. രാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു. സാനുമാഷിനെ ഗുരുതുല്യം സ്നേഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ 11.30ന് ടൗൺഹാളിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.
മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, ആർ. ബിന്ദു, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.പിമാരായ ഹൈബി ഈഡൻ, കെ.സി വേണുഗോപാൽ, ബെന്നി ബെഹന്നാൻ, ജെബി മേത്തർ, എം.എൽ.എ മാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ, അൻവർ സാദത്ത്, റോജി എം ജോൺ, ഉമാ തോമസ്, കെ. ബാബു, ടി.ജെ. വിനോദ്, പി.പി. ചിത്തരഞ്ജൻ, ചാണ്ടി ഉമ്മൻ, മേയർ അഡ്വ. എം. അനിൽകുമാർ, മുൻ ലോക്സഭാംഗങ്ങളായ സെബാസ്റ്റ്യൻ പോൾ, എ.എം. ആരിഫ്, മുൻ മന്ത്രിമാരായ ജോസ് തെറ്റയിൽ, എസ്. ശർമ്മ, ഡൊമിനിക്ക് പ്രസന്റേഷൻ, വി.എം. സുധീരൻ, പ്രൊഫ.കെ.വി. തോമസ്, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡി.സി.പി അശ്വതി ജിജി, ഗോവ മുൻ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ജസ്റ്റിസ് പി.കെ. ഷംസുദീൻ, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള എന്നിവർ പുഷ്‌പാർച്ചന നടത്തി.
സി.പി.എം ജനറൽ സെക്രട്ടറി എം. എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എസ്. സതീഷ്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടാരത്ത്, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ, എഴുത്തുകാരായ തനൂജ എസ്. ഭട്ടതിരി, സുനിൽ പി. ഇളയിടം, കെ.ആർ. മീര, സിനിമാതാരങ്ങളായ സിദ്ദിഖ്, ദേവൻ, രഞ്ജി പണിക്കർ, നവ്യ നായർ, ഇർഷാദ് അലി, കൈലാഷ്, അശ്വതി ശ്രീകാന്ത്, സീനിയർ ജേർണലിസ്റ്റ് ഫോറം പ്രസിഡന്റ് അലക്‌സാണ്ടർ സാം, ഭാരവാഹികളായ ജോയ് എം. മണ്ണൂർ, എ. മാധവൻ, രാജു പോൾ, എം ബിലീന, ഇ.പത്മകുമാർ, ജോഷി ജോർജ്, വി.എസ്. ഷൈൻ, ആർ.കെ. ദാമോദരൻ, ആർ. ഗോപാലകൃഷ്ണൻ, ടി.ഒ. ഡൊമിനിക്, കെ. രവികുമാർ, കെ.ആർ. ജ്യോതിഷ് എന്നിവരും പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസിന് വേണ്ടി രാജ്ഭവൻ പ്രസ് സെക്രട്ടറി അജിത് വെണ്ണിയൂർ, ഒ.എസ്.ഡി എ.വി. ജോർജ് എന്നിവരും ശിവഗിരിമഠം, കെ.സി.ബി.സി പ്രതിനിധികളും അന്ത്യാജ്ഞലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |