കോഴിക്കോട്: സാഹിത്യ നഗരത്തിന്റെ കലാസാംസ്കാരിക പരിപാടികളുടെ വേദിയാകാൻ പുതിയ ടൗൺ ഹാൾ രണ്ട് മാസത്തിനകം. നവീകരിക്കുന്നതിന്റെ മുന്നോടിയായി അമ്പത് കൊല്ലംമുമ്പ് പണിത ടാഗോർ ഹാൾ പൂർണ്ണമായും പൊളിച്ച് മാറ്റി. പി.ഡബ്യൂ.ഡിയിൽ നിന്ന് കെട്ടിടത്തിന്റെ ടെക്നിക്കൽ അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും. രണ്ട് മാസത്തിനകം തന്നെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ നടത്താനൊരുങ്ങുകയാണ് കോപറേഷൻ. 7.6 ലക്ഷം രൂപ ചെലവഴിച്ച് കെ.പി.എം ഓൾഡ് അയേൺ ട്രേഡേഴ്സാണ് കെട്ടിടം പൊളിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കുന്ന ജോലി പുരോഗമിക്കുകയാണ്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ഭാഗമായി 1973 ഡിസംബറിൽ ഉദ്ഘാടനം കഴിഞ്ഞ ഹാളാണ് ചോർന്നൊലിക്കാൻ തുടങ്ങിയതോടെ പൊളിച്ചു പണിയാൻ കോർപറേഷൻ തീരുമാനിച്ചത്. 67,75,46,108 രൂപ ചെലവിലാണ് ആധുനിക ടാഗോർ ഹാൾ സമുച്ചയം പണിയുന്നത്. കേരള അർബൻ ആൻഡ് റൂറൽ ഡിവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി.)യിൽ നിന്ന് 49 കോടി രൂപ ലോണെടുത്താണ് നിർമ്മാണം നടത്തുക. ഡി - എർത്താണ് പദ്ധതിരേഖ തയാറാക്കിയത്.
ഉയരുന്നത് മൂന്ന് നില കെട്ടിട സമുച്ഛയം
പുസ്തക ഷോപ്പുകളും മൾട്ടിപ്ലക്സ് തിയറ്ററുകളും കോഫി ഷോപ്പികളുമുൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ ടൗൺ ഹാൾ കോംപ്ലക്സ് പണിയുക. 2000 പേർക്ക് ഇരിക്കാവുന്ന പ്രധാന ഹാൾ, 150 പേർക്ക് ഇരിക്കാവുന്ന മിനിഹാൾ, ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ, ആധുനിക അടുക്കള, 500 പേർക്ക് ഭക്ഷണം കഴിക്കാനുള്ള ഡൈനിംഗ്ഹാൾ, വിശാലമായ പാർക്കിംഗ് സംവിധാനം, പൊതുജനങ്ങൾക്ക് പണം നൽകി പാർക്ക് ചെയ്യാനുള്ള സംവിധാനം, സംസ്കാരിക പ്രവർത്തകർക്കും തെരുവ് കലാകാരന്മാർക്കുമുള്ള 100 പേർക്കെങ്കിലും ഇരിക്കാവുന്ന ഓപൺ ആംഫി തിയറ്റർ, കവിതാ തെരുവ് തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
''പുതിയ കെട്ടിടത്തിന്റെ ടെക്നിക്കൽ അനുമതിക്കായുള്ള നീക്കങ്ങൾ നടത്തികൊണ്ടിരിക്കുന്നു. അനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കും''
പി.സി രാജൻ, ചെയർമാൻ, പൊതുമരാമത്ത് സ്ഥിരം സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |