പത്തനംതിട്ട : സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ മുട്ട ബിരിയാണി ഇടംപിടിച്ചതോടെ കുട്ടികൾ ഹാപ്പിയായെങ്കിലും അദ്ധ്യാപകർ അങ്കലാപ്പിലാണ്. ചില സ്കൂളുകൾ ബിരിയാണിക്കൊപ്പം ചിക്കൻ കറിയും സലാഡും അച്ചാറുമൊക്കെ വിളമ്പി തുടക്കം ഗംഭീരമാക്കിയിരുന്നു. ഫ്രൈഡ് റൈസും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, വരാൻ പോകുന്നത് കൈയിൽ നിന്ന് പണം കൂടുതൽ ചെലവാക്കേണ്ട ദിവസങ്ങളാണെന്ന് അദ്ധ്യാപകർ ആശങ്കപ്പെടുന്നു. ബിരിയാണിയുടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധനയാണ് കുഴപ്പിക്കുന്നത്. അതനുസരിച്ച് സർക്കാർ ഫണ്ട് വർദ്ധിപ്പിച്ചിട്ടില്ല. എൽ.പി സ്കൂളിലെ ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് ലഭിക്കുന്നത് 6. 78 രൂപയാണ്. യു.പി വിഭാഗത്തിലെ കുട്ടിക്ക് 10 രൂപയും. അരിയുടെയും മറ്റും ഇപ്പോഴത്തെ വില അനുസരിച്ച് ഈ തുക മതിയാകില്ല. ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 490 രൂപയാണ് വില. തേങ്ങക്ക് 100 രൂപ. റേഷൻ കടയിൽ നിന്ന് ലഭിക്കുന്ന അരി ഉപയോഗിച്ച് ഉച്ചഭക്ഷണം തയ്യാറാക്കാൻ കഴിയില്ല. പൊതുവിപണിയിൽ നിന്നാണ് വാങ്ങുന്നത്.
ചെലവ് കണക്ക് കൂട്ടിയാൽ അദ്ധ്യാപകർ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തുക കയ്യിൽ നിന്ന് ഇറക്കേണ്ടിവരും. ഇത് തങ്ങളുടെ കുടുംബ ചെലവിന്റെ താളം തെറ്റിക്കുന്നതായി അദ്ധ്യാപകർ പറയുന്നു. കുട്ടികൾക്കുള്ള തുക സർക്കാർ അടിയന്തരമായി വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞയാഴ്ച മുതലാണ് പൊതുവിദ്യാലയങ്ങളിൽ പുതിയ മെനു നടപ്പാക്കിയത്.
വിളർച്ച തടയാൻ ബിരിയാണി
2021ലെ സർവെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളിലെ വിളർച്ച തടയുന്നതിനാണ് ബിരിയാണി കൊടുക്കാൻ സർക്കാർ തീരുമാനിച്ചത്. മുപ്പത്തെട്ട് ശതമാനം കുട്ടികളിൽ വിളർച്ചയുണ്ടെന്നായിരുന്നു സർവെ ഫലം.
പരിചയമില്ലാതെ പാചക തൊഴിലാളികൾ
ചില സ്കൂളുകളിലെ നിലവിലെ പാചക തൊഴിലാളികളിൽ പുതുക്കിയ മെനുവിലെ ഭക്ഷണം പാകം ചെയ്യാൻ അറിയാത്തവരുണ്ട്. ഇവർക്ക് പരിശീലനം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ജോലിക്കൂടുതലുമുണ്ട്. പാചകത്തൊഴിലാളികളുടെ വേതനം വർദ്ധിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പുതുക്കിയ മെനു അനുസരിച്ച് ഭക്ഷണം തയ്യാറാക്കാൻ ചെലവ് കൂടും. ഒരു മുട്ടയ്ക്ക് എട്ടു മുതൽ പത്ത് രൂപ വരെ വിലയുണ്ട്. എൽ. പി സ്കൂളിലെ ഒരു കുട്ടിക്ക് അനുവദിച്ചിട്ടുള്ള തുക 6.78രൂപയാണ്. ഈ തുകയും കൂട്ടിയെങ്കിൽ മാത്രമേ മുന്നോട്ടു പോകാനാകൂ.
ബിജു തോമസ്, കെ.ജി.പി.എസ്.എച്ച്.എ സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |