കേരളത്തിലെ തിയേറ്ററുകളിൽ ഭീതിയും പൊട്ടിച്ചിരിയും നിറച്ച് ഹൊറർ സിനിമകൾ . കന്നട ചിത്രം സു ഫ്രം സോ അത്ഭുതപ്പെടുത്തുന്ന കളക്‌ഷനുമായി മുന്നേറുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത സുമതിവളവ് മൂന്നു ദിനത്തിൽ നേടിയത് 9.5 കോടി.
സു ഫ്രം സോയുടെ മലയാളം പതിപ്പും വെള്ളിയാഴ്ചയാണ് കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. കർണാടകയിൽ കഴിഞ്ഞ ആഴ്ച പ്രദർശനത്തിനെത്തിയ സു ഫ്രം സോ ഇതുവരെ നേടിയത് 50 കോടി. ജെ.പി. തുമിനാട് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കന്നടയിൽ ബ്ളോക് ബസ്റ്ററായി തുടരുകയാണ്.
ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആഗസ്റ്റ് 7ന് റിലീസ് ചെയ്യും. ഗ്രാമീണ പശ്ചാത്തലത്തിൽ ആണ് കഥപറച്ചിൽ. ജെ.പി. തുമിനാട് അശോക എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ആദ്യാവസാനം നിറഞ്ഞുനിൽക്കുന്നു . രവി അണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശനീൽ ഗൗതം ഉൾപ്പെടെ എല്ലാ നടീനടന്മാരും പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി.
മലയാളം സിനിമ പോലെ സൂ ഫ്രം സോ
ഒരു മലയാള ചിത്രം കാണുന്ന അതേ ആസ്വാദനത്തിൽ സു ഫ്രം സോ രസിപ്പിക്കുന്നുണ്ട്. മലയാളത്തിന് കൂടുതൽ പരിചിതനായ രാജ്. ബി. ഷെട്ടിയുടെ കരുണാകര ഗുരു പ്രേക്ഷകരെ കുറച്ചൊന്നുമല്ല പൊട്ടിച്ചിരിപ്പിച്ചത്. ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട് തുടങ്ങി നിരവധി താരങ്ങളുണ്ട്. സൂ ഫ്രം സോയുടെ ബഡ്‌ജറ്റ് ഇതുവരെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. നാലിരട്ടി ലാഭം ഇതുവരെ നേടി എന്നാണ് വിലയിരുത്തൽ. നവാഗതനായ സുമോദിന്റെ സംഗീതം കൈയടി അർഹിക്കുന്നു. ആത്മാക്കളുടെ പ്രീതിപ്പെടുത്തലിൽ നിന്നാരംഭിക്കുന്ന സിനിമ ഒരു നിമിഷം പോലും മുഷിപ്പിക്കുന്നില്ല,
കുടുംബ പ്രേക്ഷകരുടെ സുമതി
ഗ്രാമീണ പശ്ചാത്തലത്തിൽ വിഷ്‌ണു ശശിശങ്കർ സംവിധാനം ചെയ്ത സുമതി വളവ് മൂന്നാം ദിനത്തിൽ 9.5 കോടി നേടി. സുമതിയുടെ ഭയാനകമായ കഥകളിൽ നിന്ന് ആരംഭിക്കുന്ന സുമതിവളവും പേടിപ്പെടുത്തുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രത്തിന് പ്രേക്ഷകരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. മാളികപ്പുറത്തിനു ശേഷം വിഷ്‌ണു ശശി ശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംഗീത സംവിധായകൻ രഞ്ജിൻരാജും ഒരുമിച്ച ചിത്രം ആണ് സുമതിവളവ്. ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ,ഗീതി സംഗീത,അശ്വതി അഭിലാഷ് തുടങ്ങി മുപ്പത്തി അഞ്ചിൽപ്പരം താരങ്ങൾ അണിനിരക്കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്തും ചേർന്നാണ് നിർമിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് സുമതി വളവിനെ ഏറ്റെടുത്തത്. വരും ദിവസങ്ങളിലും കേരളത്തിലെ തിയേറ്ററുകളിൽ സു ഫ്രം സോയും സുമതിവളവും ചേർന്ന് നിയന്ത്രിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്.
തരക്കേടില്ലാതെ തയ്യൽ മെഷീൻ
കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, പ്രേം നായർ ,ജ്വൽ മനീഷ്, പളുങ്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ്. വിനയൻ സംവിധാനം ചെയ്യുന്ന തയ്യൽ മെഷീൻ ആണ് ഹൊറർ ഗണത്തിൽ തിയേറ്ററിൽ എത്തിയ മറ്റൊരു ചിത്രം. തരക്കേടില്ലാത്ത അഭിപ്രായം ചിത്രം നേടുന്നുണ്ട്. ഗോപ്സ് എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |