കോപൻഹേഗൻ: നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് 'ആവശ്യമില്ലാത്ത" ആരോഗ്യമുള്ള വളർത്തുമൃഗങ്ങളുണ്ടോ ? എങ്കിൽ അവയെ ഞങ്ങൾക്ക് തരൂ. ഇവിടുത്തെ മൃഗങ്ങൾക്ക് ആഹാരമായി നൽകാനാണ്.....ഡെൻമാർക്കിലെ പ്രശസ്തമായ ആൽബോർഗ് മൃഗശാല ജനങ്ങളോട് നടത്തിയ അഭ്യർത്ഥനയാണിത്. കോഴി, മുയൽ, ഗിനി പന്നി എന്നിവയെ ദാനം ചെയ്യാമെന്ന് മൃഗശാല അധികൃതർ പറയുന്നു. പരിശീലനം നേടിയ ജീവനക്കാർ അവയെ ശാന്തമായി ദയാവധത്തിന് വിധേയമാക്കിയ ശേഷം മൃഗശാലയിലെ കടുവയും സിംഹവും അടക്കമുള്ള മൃഗങ്ങൾക്ക് ആഹാരമായി നൽകാനാണ് പദ്ധതി. ജീവനുള്ള കുതിരകളെയും മൃഗശാല സ്വീകരിക്കും. എന്നാൽ, കഴിഞ്ഞ 30 ദിവസത്തിനിടെ രോഗങ്ങളൊന്നും ബാധിക്കാത്തവ ആകണം. ഈ രീതിയിൽ മൃഗങ്ങൾക്ക് നൽകുന്ന ഭക്ഷണം, കാട്ടിൽ സ്വാഭാവികമായി വേട്ടയാടുന്നതിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് മൃഗശാല പ്രസ്താവനയിൽ പറയുന്നു. വന്യജീവികൾക്ക് അനുയോജ്യമായ ഭക്ഷണം ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |