ന്യൂഡൽഹി: ബീഹാർ വോട്ടർ പട്ടികയെ ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ ബഹളത്തിനിടെ മണിപ്പൂരിൽ ആറ് മാസം കൂടി രാഷ്ട്രപതി ഭരണം നീട്ടിയ പ്രമേയം പാർലമെന്റിൽ പാസാക്കി. കഴിഞ്ഞയാഴ്ച ലോക്‌സഭയിൽ പ്രമേയം പാസാക്കിയിരുന്നു. ഇന്നലെ ശബ്‌ദവോട്ടോടെ രാജ്യസഭയിൽ പാസായി. ബീഹാർ വോട്ടർ പട്ടികയിൽ കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണമെന്ന് ഇരുസഭകളിലും പ്രതിപക്ഷ അംഗങ്ങൾ ഇന്നലെയും ആവശ്യപ്പെട്ടു. സഭാ നടപടികൾ തുടങ്ങുന്നതിന് മുമ്പ് 'ഇന്ത്യ" സഖ്യ എം.പി മാർ യോഗം ചേർന്നിരുന്നു. പ്രക്ഷുബ്ധമായതോടെ നിറുത്തിവച്ച സഭ ഇന്ന് രാവിലെ 11ന് വീണ്ടും ചേരും. രാജ്യസഭയിൽ കഴിഞ്ഞയാഴ്ച മാർഷൽമാർക്ക് പകരം സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിച്ചു.
സുപ്രീംകോടതിക്ക് വിമർശനം
അതിർത്തിയിൽ ചൈനീസ് കടന്നുകയറ്റമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ സുപ്രീംകോടതി രൂക്ഷ വിമർശനമുന്നയിച്ചതിൽ പ്രതിപക്ഷ എം.പിമാർ അപലപിച്ചു. യഥാർത്ഥ ഇന്ത്യക്കാരനായിരുന്നെങ്കിൽ രാഹുൽ ഇങ്ങനെ പറയില്ല എന്നതടക്കമുള്ള പരാമർശമാണ് കോടതിയിൽ നിന്നുണ്ടായത്. സിറ്റിംഗ് ജഡ്‌ജി നടത്തിയത് അസാധാരണ നിരീക്ഷണമാണ്. രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ അവകാശങ്ങൾക്കെതിരായ നിലപാടാണിത്.രാജ്യതാത്പര്യവുമായി ബന്ധപ്പെട്ട വിഷയമുന്നയിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഇന്നലെ ചേർന്ന 'ഇന്ത്യ" സഖ്യ യോഗം വിലയിരുത്തി. യഥാർത്ഥ ഇന്ത്യക്കാരനാരെന്ന് തീരുമാനിക്കാൻ കോടതിക്ക് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
രാഹുലിനെരായ സുപ്രീംകോടതിയുടെ പരാമർശങ്ങൾ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ്. രാജ്യം, രാജ്യസുരക്ഷ, ജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പൊതുജനമദ്ധ്യത്തിൽ കൊണ്ടുവരികയെന്ന പ്രതിപക്ഷ നേതാവിന്റെ കടമയാണ് അദ്ദേഹം നിറവേറ്റിയത്.
- എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |