റിപ്പോർട്ടിൽ ഒരു വർഷമായിട്ടും നടപടിയില്ല
കഞ്ചിക്കോട്: ഫയർ ആൻഡ് റെസ്‌ക്യൂ മാനദണ്ഡങ്ങൾ പാലിക്കാതെ എഴുന്നൂറോളം സ്ഥാപനങ്ങൾ കഞ്ചിക്കോട്-വാളയാർ മേഖലയിൽ പ്രവർത്തിക്കുന്നുവെന്ന ഫയർഫോഴ്സ് അന്വേഷണ റിപ്പോർട്ടിന്മേൽ വർഷമൊന്ന് പിന്നിട്ടിട്ടും നടപടികൾ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ദിവസം വാളയാർ പതിനാലാം കല്ലിലെ കിടക്ക നിർമ്മാണ ഫാക്ടറിയിൽ തീപിടിത്തം ഉണ്ടായി രണ്ട് അതിഥി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് ഫയർ റിപ്പോർട്ട് വീണ്ടും ചർച്ചയാകുന്നത്. മറ്റൊരു തീ പിടിത്തത്തിന് കൂടി വ്യവസായ മേഖല സാക്ഷ്യം വഹിച്ചപ്പോൾ ഈ സുപ്രധാന റിപ്പോർട്ട് ഫയലിൽ ഉറങ്ങുകയാണ്.
കഴിഞ്ഞ വർഷം ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ തൊഴിലാളിയായ പത്തനംതിട്ട സ്വദേശി അരവിന്ദ് മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന്
ഫയർഫോഴ്സ് വ്യവസായ മേഖലയിൽ മൊത്തത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എഴുനൂറോളം വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ
വ്യവസായ സ്ഥാപനങ്ങളിൽ കാലാനുസൃതമായി യന്ത്രങ്ങൾ പരിഷ്‌ക്കരിക്കുന്നില്ല. ഉൽപാദന കുറവുണ്ടാകുമെന്ന് പറഞ്ഞ് തുടർച്ചയായി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നു. ചില സ്ഥാപനങ്ങളിൽ തീ അണക്കാൻ ഒരു ബക്കറ്റ് വെള്ളം പോലും സൂക്ഷിച്ചതായി കാണുന്നില്ലെന്ന ഗുരുതരമായ പരാമർശം റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് വ്യവസായ വകുപ്പിനും പഞ്ചായത്തിനും നൽകിയിരുന്നു. പക്ഷെ വർഷമൊന്ന് പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ല. റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട ചില സ്ഥാപനങ്ങൾക്ക് അനായാസേന ലൈസൻസ് പുതുക്കി കിട്ടുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തൊഴിലാളികളെയാണ് കൂടുതൽ ഭീതിയിലാക്കുന്നത്. വർഷത്തിൽ ഒരു തവണയെങ്കിലും തീപിടിത്തം ഉണ്ടാകാറുണ്ട്. അപകടം ഉണ്ടാകുന്ന സമയത്ത് ചില പരിശോധനകളും ബഹളങ്ങളുമൊക്കെ ഉണ്ടാവുമെങ്കിലും പിന്നീട് കാര്യങ്ങൾ പഴയപടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |