ഡോക്ടർമാരില്ല
കിളിമാനൂർ: കേശവപുരം ആശുപത്രി താലൂക്കാശുപത്രിയാകുന്നതും കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ അധികാരപരിധിയിലാണ് ആശുപത്രി പ്രവർത്തനം. സ്പെഷ്യലിസ്റ്റുകളടക്കം പത്തിൽപ്പരം ഡോക്ടർമാർ നിലവിലുണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ, രോഗികളുടെ അനുപാതമനുസരിച്ചുള്ള ഡോക്ടർമാരില്ല.രണ്ട് മാസം മുൻപ് മെഡിക്കൽ ഓഫീസർ കൂടി വിരമിച്ചതോടെ നാഥനില്ലാക്കളരിയായി ഇവിടംമാറി.
കിടത്തി ചികിത്സയടക്കമുള്ള ആശുപത്രിയിൽ ചില രാത്രികളിൽ ഡോക്ടർമാരില്ലാത്ത അവസ്ഥയാണത്രേ. അപകടങ്ങളിൽ പരിക്കേറ്റവരടക്കം അടിയന്തരാവശ്യത്തിന് എത്തിയവർക്ക് സ്വകാര്യ ആശുപത്രികളെയോ, വലിയകുന്ന്,ചിറയിൻകീഴ്,പാരപ്പള്ളി ആശുപത്രികളെയോ ആശ്രയിക്കണം.
ഒരു കോടിയിലേറെ ചെലവിട്ട് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചെങ്കിലും,വിഴിഞ്ഞം - നാവായിക്കുളം ഔട്ടർറിംഗ് റോഡിനായി പൊളിക്കേണ്ടി വരുമെന്നതിനാൽ ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഐ.പി വാർഡുകളിൽ സൗകര്യമുണ്ടെങ്കിലും കുറച്ചുപേരെ മാത്രമാണ് അഡ്മിറ്റ് ചെയ്യുന്നത്.ആധുനിക എക്സറേ സൗകര്യങ്ങളുണ്ടെങ്കിലും എല്ല് രോഗചികിത്സയ്ക്ക് ഡോക്ടറില്ല. എത്രയും വേഗം കൂടുതൽ ഡോക്ടർമാരെ നിയമിച്ച് ആശുപത്രി പ്രവർത്തനം മികച്ചതാക്കണമെന്നാണ് രോഗികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |