ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്‌പെഷ്യൽ ഗ്രേഡ് സബ് ഇൻസ്‌പെക്‌ടർ ഷൺമുഖവേലിനെ (52) വെട്ടിക്കൊന്ന കേസിലെ മുഖ്യ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. തിരുപ്പൂർ സ്വദേശിയായ മണികണ്ഠൻ (30) ആണ് മരിച്ചത്. തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കനൂരിനടുത്തുള്ള ഉപ്പരു അരുവിക്ക് സമീപമാണ് ആത്മരക്ഷയ്ക്കായി എസ്.ഐ. ശരവണകുമാർ പ്രതിയെ വെടിവച്ചത്. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് ഷൺമുഖവേൽ കൊല്ലപ്പെട്ടത്. എ.ഐ.എ.ഡി.എം.കെ എം.എൽ.എ സി. മഹേന്ദ്രന്റെ ഗുഡിമംഗലത്തെ ഫാംഹൗസിൽ നടന്ന കുടുംബവഴക്ക് അന്വേഷിക്കാനെത്തിയപ്പോഴാണ് ഷൺമുഖവേലിന് ജീവൻ നഷ്‌ടമായത്. ഫാം ഹൗസിലെ തൊഴിലാളികളായ മൂർത്തിയും മക്കളായ മണികണ്ഠൻ, തങ്കപാണ്ടി എന്നിവരും തമ്മിൽ മദ്യലഹരിയിൽ കൈയേറ്റമുണ്ടാകുകയായിരുന്നു. ഗുരുതര പരിക്കേറ്റ മൂർത്തിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മണികണ്ഠൻ അരിവാൾ ഉപയോഗിച്ച് ഷൺമുഖനെ വെട്ടുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ ഷൺമുഖവേൽ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഷൺമുഖവേലിനൊപ്പമുണ്ടായ കോൺസ്റ്റബിൾ അഴഗുരാജ ഓടി രക്ഷപ്പെട്ടു.മൂർത്തിയും തങ്കപാണ്ഡിയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഷൺമുഖവേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |