ഇരിട്ടി: പേരട്ട - തൊട്ടിപാലം കുണ്ടേരി ഉപദേശിക്കുന്നിന് സമീപം ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വീടുകളുടെ മുറ്റം വരെയെത്തിയ കാട്ടാന തെങ്ങും വാഴയും അടക്കം നശിപ്പിച്ച് മേഖലയിൽ ഭീതി വിതച്ചു . ബുധനാഴ്ച രാത്രിയോടെയാണ് ആന ജനവാസ മേഖലയിൽ ഇറങ്ങിയത് .
കുണ്ടേരിയിലെ സെന്റ് ജോസഫ് കോൺവെന്റിന് സമീപം യോഹന്നാൻ വൈക്കത്തേതിൽ , സുരേഷ് കണ്ണോത്ത് എന്നിവരുടെ കൃഷിയിടത്തിലും വീട്ടുമുറ്റത്തും ആനയെത്തി.കർണ്ണാടക വനത്തിൽ നിന്നും ഇറങ്ങുന്ന ആനയാണ് കേരളത്തിലെ കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നത് . കർണാടകയുടെ ബ്രഹ്മഗിരി വന്യജീവിസങ്കേതത്തോട് ചേർന്നുകിടക്കുന്ന വന്യമൃഗശല്യം അതിരൂക്ഷമാണ്. അതിർത്തിയിൽ സോളാർ വേലി ഉണ്ടെങ്കിലും തകർത്താണ് ആന ഉള്ളിൽ പ്രവേശിക്കുന്നത്. കൃഷിവകുപ്പിന്റെ സോളാർ തൂക്കുവേലി ഈ മേഖലയിൽ ഇനിയും യാഥാർത്ഥ്യമായിട്ടില്ല .
വീടും സ്ഥലവും വിട്ടിറങ്ങി കർഷകർ
വന്യമൃഗശല്യം വർദ്ധിച്ചതോടെ പേരട്ട - തൊട്ടിപാലം കുണ്ടേരി അവശേഷിക്കുന്ന കർഷകർ കടുത്ത ആശങ്കയിലാണ്. നിത്യജീവിത ഉപാധികളാണ് കാട്ടാനകൾ നശിപ്പിക്കുന്നത്. ഇവരിൽ പലരും വീടും സ്ഥലവും ഉപേക്ഷിച്ച് വാടകവീടുകളിലേക്ക് താമസം മാറിയിരിക്കുകയാണ്. ജീവിക്കാൻ മറ്റു മാർഗങ്ങൾ ഒന്നുമില്ലാത്ത കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ പ്രദേശത്ത് താമസിക്കുന്നത്. വാഹനസൗകര്യമില്ലാത്തതും വോൾട്ടേജ് ക്ഷാമവും മൊബൈൽ നെറ്റ് വർക്കുകൾ ഒന്നും ലഭിക്കാത്തതും മേഖലയിലെ പ്രശ്നങ്ങളാണ് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |