തിരുവനന്തപുരം: തദ്ദേശവകുപ്പ് ഏകീകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തനത്തെ കുറിച്ച് ധാരണയില്ലാത്ത ഉദ്യോഗസ്ഥർ സെക്രട്ടറിമാരായതോടെ ചിലയിടങ്ങളിൽ ഫണ്ട് വകമാറ്റി ശമ്പളംവരെ മാറിയെടുക്കുന്നുവെന്ന് ആക്ഷേപം. സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായി ജനറൽ പർപ്പസ് ഗ്രാന്റിൽ നിന്നാണ് ഇത് ചെയ്യുന്നത്. അടുത്തിടെ കോട്ടയം പാമ്പാടി ബ്ലോക്ക് സെക്രട്ടറി ഇത്തരത്തിൽ ശമ്പളം മാറിയെടുത്തായി കണ്ടെത്തിയിരുന്നു.
തുടർന്ന് മറ്റ് ബ്ളോക്ക് പഞ്ചായത്തുകളിലും പരിശോധന വേണമെന്ന ആവശ്യം ശക്തമായി. പഞ്ചായത്തുകളിൽ സെക്രട്ടറിമാരായിരുന്നവർ വകുപ്പ് ഏകീകരണത്തോടെയാണ് ബ്ലോക്കുകളിലും ജില്ലകളിലും എത്തിയത്. നികുതിവരുമാനം ഉൾപ്പടെയുള്ളതിനാൽ പഞ്ചായത്തുകളിൽ മാത്രമാണ് തനത് ഫണ്ടുള്ളത്. ഇതിൽ നിന്നാണ് സെക്രട്ടറിമാർക്ക് ഉൾപ്പെടെ ശമ്പളം നൽകുന്നത്.
എന്നാൽ, ബ്ലോക്കിലും ജില്ലാപഞ്ചായത്തിലും തനത് ഫണ്ടില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾക്കായി നൽകുന്ന ജനറൽ പർപ്പസ് ഫണ്ട് മാത്രമാണുള്ളത്. ഇവിടങ്ങളിലെ സെക്രട്ടറിമാർക്ക് സർക്കാർ ട്രഷറി മുഖേനയാണ് ശമ്പളം നൽകുന്നത്. പഞ്ചായത്തിൽ നിന്ന് ബ്ലോക്കിലെത്തിയ സെക്രട്ടറിമാർക്ക് ട്രഷറി മുഖേന ശമ്പളം നൽകുന്നതിനുള്ള സ്‌പാർക്കിന്റെ നടപടികൾ വൈകിയതോടെ ശമ്പളം മുടങ്ങി. ഈ ഘട്ടത്തിലാണ് പാമ്പാടി ബ്ലോക്കിലെ സെക്രട്ടറി ജനറൽ പർപ്പസ് ഗ്രാന്റിൽ നിന്ന് ശമ്പളമെടുത്ത്. ഇദ്ദേഹത്തിന് കാരണംകാണിക്കൽ നോട്ടീസ് നൽകി.
സമാനരീതിയിൽ ചിലയിടങ്ങളിലും നടന്നിട്ടുണ്ടെന്ന് തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥർ തന്നെ പറയുന്നു. എന്നാൽ, അതൊക്കെ ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നതായാണ് വിവരം.
പദ്ധതികളും തകിടം മറിയുന്നു
പി.എം.എ.വൈ, തൊഴിലുറപ്പ് പദ്ധതികളുടെ നടത്തിപ്പും ധാരണയില്ലാത്ത ഉദ്യോഗസ്ഥരെത്തിയതോടെ അവതാളത്തിലായെന്നും വിമർശനമുണ്ട്. ഫണ്ട് വിനിയോഗം ഉറപ്പാക്കുന്നതിലും കൃത്യമായി ചെലവഴിക്കുന്നതിലും ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് ധാരണയില്ലാത്തതാണ് കാരണമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |